സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി 75% ൽ കൂടുതൽ വില്ലേജുകളെ ഒഡിഎഫ്+ ആയി പ്രഖ്യാപിച്ചതിൽ മോഡൽ വില്ലേജുകളിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ ഒ.ഡി.എഫ്+ ആയി പ്രഖ്യാപിച്ച 1184 ൽ 720 എണ്ണം മോഡൽ വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ശതമാനക്കണക്കെടുത്താൽ ODF + ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മോഡൽ വില്ലേജുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ODF പ്ലസ് വില്ലേജുകൾ 100 ശതമാനമാക്കി സമ്പൂർണ്ണ ODF + സംസ്ഥാനമായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. വയനാട്, തൃശൂർ ജില്ലകൾ 100 ശതമാനം നേട്ടം ഇതിനകം കൈവരിച്ചു കഴിഞ്ഞു.
വില്ലേജുകളെ ഒ.ഡി.എഫ് പ്ലസ്, Aspiring, Rising, Model എന്നീ ഘട്ടങ്ങളായാണ് ഗ്രാമ പഞ്ചായത്തുകൾ പ്രഖ്യാപനം നടത്തുന്നത്. എല്ലാ വീടുകളിലും, അംഗൻവാടി, സ്‌കൂളുകൾ, പഞ്ചായത്ത് കെട്ടിടങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക മായി ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉണ്ടായിരിക്കുകയും ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് നിലവിൽ ഉണ്ടായിരിക്കുകയും ചെയ്തിട്ടുളള വില്ലേജുകൾ Aspiring ആയി പ്രഖ്യാപിക്കുന്നതും, ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ പ്രത്യേകമായി തന്നെ ഉണ്ടെങ്കിൽ ആ വില്ലേജുകൾ റൈസിംഗ് വിഭാഗത്തിലും ഈ നിബന്ധനകൾ കൂടാതെ പൊതു സ്ഥലങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്തതും മലിന ജലം കെട്ടിക്കിടക്കാത്തതും പൊതുവായി വൃത്തി ഉള്ളതും, ഒ.ഡി.ഫ് പ്ലസ് വിവരവിജ്ഞാന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതുമായ വില്ലേജുകൾ മോഡൽ ആയും പ്രഖ്യാപിക്കുന്നതാണ്. നിലവിൽ സംസ്ഥാനത്തെ 1509 വില്ലേജുകളിൽ 1184 വില്ലേജുകൾ ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 420 എണ്ണം Aspiring വില്ലേജുകളായും, 44 എണ്ണം റൈസിംഗ് വില്ലേജുകളായും, 720 എണ്ണം മോഡൽ വില്ലേജുകളുമായാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
2023 ഡിസംബറിന് മുമ്പായി രാജ്യത്തെ ഏറ്റവും കൂടുതൽ മോഡൽ വില്ലേജുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നുവരുന്നത്. മാലിന്യം മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇതിനുള്ള പദ്ധതികൾ കൂടി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ട്. ഇതിന്റെ പുരോഗതി എല്ലാ മാസവും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്