പൊതു ഇടങ്ങളിലും വഴിയോരങ്ങളിലും അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികളുമായി മൂപ്പൈനാട് പഞ്ചായത്ത്. അലക്ഷ്യമായി മാലിന്യ നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖിന്റെ നേതൃത്വത്തിലാണ് നടപടികള്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം മൂപ്പൈനാട് നസ്രാണി കാട്ടിലെ റോഡരകില്‍ മാലിന്യം തള്ളിയ തോമാട്ടുചാല്‍ സ്വദേശിയെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ഫൈന്‍ അടപ്പിക്കുകയും ചെയ്തു.

പഞ്ചായത്ത് പരിധിയിലൂടെ കടന്ന് പോകുന്ന റോഡുകളിലും വഴിയോരങ്ങളിലും അലക്ഷ്യമായ മാലിന്യ നിക്ഷേപം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത് . വാര്‍ഡ് മെമ്പര്‍മാരായ വി.എന്‍ ശശീന്ദ്രന്‍, നൗഷാദ് ഇട്ടാപ്പു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു ബാലുശ്ശേരി, ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പി.സഹദേവന്‍, ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ജിതിന്‍ വിശ്വനാഥ് തുടങ്ങിയവരും പരിശോധനയ്ക്ക് നേതൃത്യം നല്‍കി.