കൃത്യനിര്‍വ്വഹണത്തിനിടയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ കര്‍ശനം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തുകയോ ആക്രമിക്കുകയോ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയോ ചെയ്യുന്നത് ഗൗരവമായി കാണും.

വെള്ളമുണ്ടയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പരിശോധനക്കെത്തിയ ജില്ലാ ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌സ് സ്‌കാഡിലെ അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നടപടികള്‍ കര്‍ശനമാക്കിയത്.

ജീവനക്കാര്‍ അവരിലര്‍പ്പിതമായ കടമകളും ഉത്തരവാദിത്വങ്ങളുമാണ് ജോലിയുടെ ഭാഗമായി നിര്‍വഹിക്കുന്നത്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കണം. ഏതെങ്കിലും തരത്തിലുളള അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി.