സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ വെച്ച് അദാലത്ത് നടന്നത്. 477 പരാതികളാണ് അദാലത്തിലേക്കായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 80 പരാതികളിൽ ഉടൻതന്നെ തീർപ്പാക്കി. ഇന്നലെ പുതുതായി 324 പരാതികളും ലഭിച്ചു. ഇതിൽ 21 പരാതികളും തീർപ്പാക്കി. ശേഷിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിമാർ നിർദേശം നൽകിയിട്ടുണ്ട്.
അദാലത്തിൽ മഞ്ഞളാംകുഴി അലി എം എൽ എ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം എൽ എ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് കളക്ടർ കെ. മീര, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം എൻ.എം മെഹറലി, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനുഷ്യത്വപരമാവണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
ഉദ്യോഗസ്ഥരുടെ പെരുമാറ്റം മനുഷ്യത്വപരമാവണമെന്നും സാധാരണക്കാരുടെ പരാതികളിൽ അടിയന്തര പരിഹാരം കാണുകയാണ് പരാതി പരിഹാര അദാലത്തുകൾ വഴി സർക്കാർ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന പെരിന്തൽമണ്ണ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. എറ്റവും ദുർബലനെപ്പോലും സാമൂഹിക പുരോഗതിക്ക് സംഭാവന നൽകാനാവും വിധം മാറ്റിയെടുക്കുന്ന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. ചുവപ്പുനാടയില്ലാതാക്കി ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ പരാതിയും നിശ്ചിത സമയത്തിനകം തീർപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ തുടരും: മന്ത്രി ആന്റണി രാജു
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഇനിയും അദാലത്തുകൾ തുടരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ നടന്ന പെരിന്തൽമണ്ണ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് താലൂക്ക് തലത്തിൽ മന്ത്രിമാർ നേരിട്ട് വന്ന് ജനങ്ങളുടെ പരാതികൾ കേട്ട് പരിഹാര നടപടികൾ സ്വീകരിക്കുന്നത്. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വരുമ്പോൾ അവിടെ സർക്കാരിന്റെ ഇടപെടലുകളോ, മന്ത്രിമാരുടെ കയ്യൊപ്പോ ഉണ്ടെങ്കിൽ പരിഹാരം വേഗത്തിലാവും. ഇതാണ് അദാലത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.