കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം തുടങ്ങി. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം മുനിസിപ്പല്‍ ചെയര്മാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ അജിത അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ 28 വാര്‍ഡുകളില്‍ നിന്നായി നൂറ് സര്‍വ്വേ വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തില്‍ മേയ് മാസം അവസാന വാരത്തില്‍ പഠിതാക്കളെ കണ്ടെത്താന്‍ വാര്‍ഡുതലത്തില്‍ ഡിജിറ്റല്‍ സര്‍വ്വേ സംഘടിപ്പിക്കും. രണ്ടാം ഘട്ട പരിശീലനം മേയ് 23 ന് നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഈ-മുറ്റം. കേരള സംസ്ഥാന സാക്ഷരതാ മിഷനും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.കെ ശിവരാമന്, അഡ്വ.എ.പി മുസ്തഫ, ജെയ്ന ജോയ്, ഒ. സരോജിനി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സി. മുഹമ്മദലി, സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.