സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളി ഹാളിൽ നടന്ന തലപ്പിള്ളി താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ 425 പരാതികൾ പരിഗണിച്ചു. 250 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികളിൽ അടിയന്തരമായി തുടർനടപടി സ്വീകരിക്കും. 12 പുതിയ മുൻഗണന റേഷൻ കാർഡുകൾ അദാലത്തിൽ വിതരണം ചെയ്തു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി എന്നിവർ പരാതികൾ പരിഗണിച്ചു.
425 അപേക്ഷകളാണ് ആകെ ലഭിച്ചത്. 238 ഓൺലൈൻ അപേക്ഷകളും 187 പുതിയ അപേക്ഷകളും ലഭിച്ചു. ലഭിച്ച മുഴുവൻ അപേക്ഷകളും അദാലത്തിൽ പരിഗണിച്ചു.
ഭൂസർവേയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. അദാലത്തിൽ അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമികയ്യേറ്റം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, പെൻഷൻ, ക്ഷേമനിധി ആനുകൂല്യത്തിനുള്ള അപേക്ഷകൾ എന്നീ വിഷയങ്ങളിലെ പരാതികളാണ് പരിഗണിച്ചത്.