ആനുകൂല്യങ്ങൾ ചുവപ്പുനാടയിൽപ്പെട്ട് ലഭിക്കാതിരിക്കുന്ന സ്ഥിതി ആർക്കും ഉണ്ടാകില്ലെന്നും ആശ്വാസത്തിന്റെ കരുതലും കൈത്താങ്ങായി മാറുകയാണ് ജനകീയ അദാലത്തുകളെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലപ്പിള്ളി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വീടും ഭൂമിയും ഇല്ലാത്ത ഒരു മനുഷ്യനും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഒരുക്കുകയാണ് സർക്കാർ. അർഹമായ എല്ലാവർക്കും ഭൂമി നൽകാൻ ചട്ടങ്ങളും നിയമങ്ങളും തടസ്സമാകില്ല. സംസ്ഥാനതല പട്ടയമേളയിൽ തലപ്പിള്ളി താലൂക്കിലെ ഒരുപാട് പേർക്ക് പട്ടയഭൂമി നൽകാനായി. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും വലിയ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
എല്ലാ പരാതികൾക്കും ശാശ്വതമായ പരിഹാരവും തുടർനടപടികളും ഉണ്ടാകും. പല കാരണങ്ങളാൽ പരിഹരിക്കപ്പെടാതെ കാലതാമസം നേരിട്ട എല്ലാ പരാതികൾക്കും അദാലത്തുകളിൽ പരിഹാരം കാണുന്നത് കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷനായ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു മുഖ്യാതിഥിയായി. സാമൂഹ്യനീതിയിൽ അടിസ്ഥാനമായ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. പതിറ്റാണ്ടുകളായുള്ള പ്രശ്നങ്ങൾ വരെ അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നുണ്ട്. ജനകീയ സർക്കാർ ജനങ്ങളോടൊപ്പം ആണെന്ന ഉറപ്പാണ് ഇത്തരം അദാലത്തുകളെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
വടക്കാഞ്ചേരിയിൽ നടന്ന അദാലത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, കലക്ടർ വി ആർ കൃഷ്ണതേജ, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, എഡിഎം ടി മുരളി, തലപ്പിള്ളി തഹസിൽദാർ എം സി അനുപമൻ, ഡെപ്യുട്ടി കളക്ടർ എം സി ജ്യോതി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.