360 ഡിഗ്രിയിലൊരു സെല്‍ഫി വീഡിയോ വേണോ, അതോ നല്ല കിടിലന്‍ റീല്‍സ് സ്പോട്ട് വേണോ, എങ്കില്‍ വേഗം ജില്ലാ സ്‌റ്റേഡിയത്തിലേക്ക് പോന്നോളൂ…സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കേരളം ഒന്നാമത് പ്രദര്‍ശനത്തിലാണ് 360 ഡിഗ്രി സെല്‍ഫി വീഡിയോ എടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

മെയിന്‍ പവലിയന്റെ ആദ്യം പിആര്‍ഡിയുടെ പ്രദര്‍ശനമാണ് അതിഥികളെ സ്വീകരിക്കുന്നത്. ഇവിടെയാണ് 360 ഡിഗ്രി സെല്‍ഫി വീഡിയോ സ്റ്റാന്‍ഡ് ഒരുക്കിയിട്ടുള്ളത്. വീഡിയോ എടുത്ത ശേഷം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എടുത്ത വീഡിയോ സന്ദര്‍ശകര്‍ക്ക് സ്വന്തമാക്കുകയും ചെയ്യാം.
സെല്‍ഫി വീഡിയോയ്ക്ക് പുറമേ ഓണ്‍ലൈന്‍ ക്വിസ് മത്സരവും ഇവിടെയുണ്ട്.

എല്‍ഇഡി സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ കൊടുത്ത് ലോഗിന്‍ ചെയ്താല്‍ ഓണ്‍ലൈന്‍ ക്വിസിലും പങ്കെടുക്കാം. കൂടാതെ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ചെറിയ കുറിപ്പുകളും ഒരുക്കിയിട്ടുണ്ട്. സെല്‍ഫി വീഡിയോ എടുത്ത് ഓണ്‍ലൈന്‍ ക്വിസിലും പങ്കെടുത്താണ് ഇവിടെയെത്തുന്നവര്‍ മടങ്ങുന്നത്.