അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെയും സംയുക്ത സംഘാടനത്തിൽ മാറുന്ന കോട്ടയം; മാലിന്യമുക്ത കോട്ടയം എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നടന്നത്.
മാലിന്യമുക്ത കോട്ടയം ലക്ഷ്യമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിയമ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സെമിനാർ ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ കൃത്യമായ മാലിന്യ സംസ്‌കരണം ഒരു വ്യക്തിയുടെ സംസ്‌കാരമാക്കി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കൃത്യമായ ബോധവത്കരണങ്ങളും ചർച്ചകളും ആവശ്യമാണ്.
പൗര പ്രമുഖരും യുവജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചാ സംഗമത്തിൽ ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങളും പരിഹാര നടപടികളും ചർച്ചയായി. ജില്ലയെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷക്കാലം ജില്ലയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും അതുമൂലം മാലിന്യ സംസ്‌കരണത്തിൽ ഉണ്ടായ മാറ്റങ്ങളും സെമിനാറിൽ അവതരിപ്പിച്ചു. കെ. എസ്. ആർ. ടി. സി. പൊതു ഉദ്യാനം, വേമ്പനാട് കായൽ ശുചീകരണം, റോഡിന്റെ വശങ്ങളും മറ്റും പൊതുജന പങ്കാളിത്തത്തോടെ വൃത്തിയാക്കാൻ സ്വീകരിച്ച നടപടികൾ, ഇലക്ട്രോണിക് വേസ്റ്റ് ശേഖരണത്തിനായി നടപ്പാക്കിയ വിവിധ ക്യാമ്പയിനുകൾ, മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലം സ്വീകരിച്ച നടപടികളും എല്ലാം സെമിനാറിൽ അവതരിപ്പിച്ചു.
രണ്ട് മണിക്കൂർ നീണ്ട ചർച്ചാ സംഗമത്തിൽ മാലിന്യ സംസ്‌കരണം എന്നത് ഒരു സംസ്‌കാരമായി ഉയർന്നു വരണമെന്നും ആ സംസ്‌കാരം സ്വന്തം വീട്ടിൽ നിന്ന് തന്നെ ആരംഭിക്കണമെന്നുമുള്ള അഭിപ്രായമാണ് പൊതുവായി ഉരുത്തിരിഞ്ഞത്. വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാൻ കഴിഞ്ഞാൽ തന്നെ പൊതു ഇടങ്ങളിലേക്ക് മാലിന്യങ്ങൾ എത്താത്ത അവസ്ഥ സംജാതമാകും. ഇതിനായി ബയോഗ്യാസ് പ്ലാന്റ്, കംപോസ്റ്റ് പിറ്റ് തുടങ്ങിയ സാധ്യതകൾ സ്വീകരിക്കാം.
ടൂറിസം മേഖലകളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങളും, വലിച്ചെറിയൽ സംസ്‌കാരവും അവസാനിപ്പിക്കാൻ ടൂറിസം സൈറ്റുകളിൽ പ്രത്യേക സേനയെ നിയമിക്കണമെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അത്തരം ആളുകളിൽ നിന്ന് കൃത്യമായ പിഴ ഈടാക്കി ആ തുകയും മാലിന്യ സംസ്‌കരണ പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കണം, മാലിന്യ സംസ്‌കരണത്തിന് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വന്നു.
സി എസ് ഐ ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ സെമിനാറിൽ അധ്യക്ഷനായി. കോട്ടയം മലിനകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ബി.ബിജു, എ. വി. ജി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ. വി. ജോർജ്, കെ. എസ്. എസ്. ഐ. എ. ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.