ഉദ്ഘാടനം ചെയ്തത് കുന്നംകുളം സിന്തറ്റിക് ട്രാക്ക്, ഗ്യാലറി ബിൽഡിംഗ്
കുന്നംകുളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക്, ഗാലറി ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. കേരള കായിക ഭൂപടത്തിൽ പ്രധാന കേന്ദ്രമായി കുന്നംകുളം സ്പോട്സ് ഡിവിഷൻ മാറുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പുതുതലമുറയെ മികച്ച കായിക താരങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രം ഉപകാരപ്രദമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ ഫ്ലെഡ് ലൈറ്റ് സംവിധാനം ആറുമാസത്തിനകം പ്രാവർത്തികമാക്കുമെന്നും നീന്തൽ കുളം ആരംഭിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ കായിക അടിസ്ഥാന വികസനത്തിന് 1500 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. സ്പോട്സ് ഹോസ്റ്റലിലെ കോച്ചുകളെ വിദേശത്ത് നിന്ന് തെരഞ്ഞെടുത്ത് കേരളത്തിലെ കോച്ചുകൾക്ക് പരിശീലനം നൽകും. ഇത് കായികവിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര തല മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും. ഇത് കായിക രംഗത്ത് വലിയ മാറ്റമുണ്ടാക്കും. ഈ അധ്യയനവർഷം പ്രൈമറി തലം മുതൽ കായികം വിഷയമായി പഠിപ്പിക്കാനുള്ള നടപടി പൂർത്തീകരിച്ച് വരികയാന്നെന്നും മന്ത്രി പറഞ്ഞു. കുന്നംകുളത്തെ കായിക വികസനത്തിന് നേതൃത്വം നൽകിയ എ സി മൊയ്തീൻ എംഎൽഎയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കായിക വിദ്യാർത്ഥികൾക്ക് ആവശ്യമായ വിപുലമായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുന്നതിനായി ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കുട്ടികൾക്കുള്ള അടിസ്ഥാന ഫുട്ബോൾ വികസന പരിപാടിയായ ഗോൾ രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

എ സി മൊയ്തീൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ തുടങ്ങിയവർ മുഖ്യാതിഥികളായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എസ് ബസന്ത് ലാൽ, പി ഐ രാജേന്ദ്രൻ, അഡ്വ.കെ രാമകൃഷ്ണൻ, ഇ എസ് രേഷ്മ, ചിത്ര വിനോബാജി, മീന സാജൻ, ടി ആർ ഷോബി, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൽ, വാർഡ് കൗൺസിലർ ബിജു സി ബേബി, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ, കായിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ സ്വാഗതവും കുന്നംകുളം ബോയ്സ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ എം കെ സോമൻ നന്ദിയും പറഞ്ഞു. സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ മത്സരങ്ങളിൽ എം ഡി കോളേജ് ടീമും ജനപ്രതിനിധികളുടെ ടീമും വിജയികളായി.തുടർന്ന് ദേവരാഗം മ്യൂസിക് ബാന്റിന്റെ വയലിൻ ഫ്യൂഷനും അരങ്ങേറി.
ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തികൾ നിർവ്വഹിച്ചത്. എ സി മൊയ്തീൻ എം.എൽ.എയുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലാക്കുന്നത്. ഏഴുകോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്. സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പദ്ധതികൾ ആവിഷകരിച്ചത്.