ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് അപ്പുറത്തുള്ള കേരളത്തെ വിഭാവനം ചെയ്ത് അടിസ്ഥാന വികസന സൗകര്യങ്ങൾ ഒരുക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യം, ആയുഷ് , വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോപ്പതി ആശുപത്രിയുടെ ഐ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുഷ് മേഖലയിൽ ഓരോ ജില്ലയിലും സ്ഥാപനങ്ങൾ ഒരുക്കി കേരളത്തെ ഹെൽത്ത് ഹബ്ബ് ആക്കി മാറ്റും. ഹോംകോ ഔട്ട്ലറ്റ് പ്രവർത്തനങ്ങളും ഇവിടെ ആരംഭിക്കും.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച നേട്ടമാണ് തൃശൂർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിലെ മികച്ച സൗകര്യങ്ങളോടെയുള്ള ഐ പി ബ്ലോക്ക് എന്നും മന്ത്രി കൂട്ടി ചേർത്തു. ശാസ്ത്ര മേഖലയിലെ ഹോമിയോപ്പതി രംഗത്ത് ദേശീയ തലത്തിൽ അംഗീകരിച്ച ഗവേഷണങ്ങളെ മന്ത്രി അഭിനന്ദിച്ചു.

4.82 കോടി രൂപ ചെലവിലാണ് പുതിയ നിലകൾ കൂടി നിർമ്മിച്ച് ഐപി ബ്ലോക്ക് ഒരുക്കിയത്. നിലവിൽ അഞ്ച് നിലകളിലായി ലിഫ്റ്റ് ഉൾപ്പെടെയുള്ള ഉയർന്ന സജ്ജീകരണങ്ങളോടെയാണ് പ്രവർത്തന സജ്ജമാവുന്നത്. പാലിയേറ്റീവ് വാർഡ്, പീഡിയാട്രിക് വാർഡ്, പുരുഷന്മർക്കും സ്ത്രികൾക്കുമുള്ള വാർഡുകൾ, പേ വാർഡുകൾ, ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള സേവന സൗകര്യങ്ങളോടെയാണ് ഐപി ബ്ലോക്ക് ഒരുങ്ങുന്നത്. പഴയ ആശുപത്രിയിൽ പ്രവർത്തിച്ച് വരുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
ആശുപത്രി വികസനത്തിന് വേണ്ടി പ്രവർത്തിച്ച മുൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ കെ ബിന്ദുവിനെയും ബിൽഡിഗ് കോൺട്രാക്റ്റർമാരെയും വേദിയിൽ ആദരിച്ചു.

ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യൽ പ്രൊജക്റ്റുകളായ ജനനി, സദ്ഗമയ, ആയുഷ്മാൻ ഭവ, പുനർജ്ജനി, സീതാലയം ക്ലിനിക്കുകളുടെ സേവനങ്ങളോടൊപ്പം അൾട്രാസൗണ്ട് സ്കാൻ, ഫിസിയോതെറാപ്പി യൂണിറ്റ്, ക്ലിനിക്കൽ ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പി കെ ഡേവിസ് മാസ്റ്റർ, മേയർ എം കെ വർഗ്ഗീസ്, ടി എൻ പ്രതാപൻ എംപി തുടങ്ങിയവർ മുഖ്യാതിത്ഥികളായി. ഹോമിയോപ്പതി വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.