തളിക്കുളം ഗ്രാമപഞ്ചായത്തിൽ ആയുർവേദ ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കേരളത്തിന് കഴിയുന്നുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചികിത്സകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കേരളത്തിന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ മേഖലയെ വലിയ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ കൊണ്ടുവരുന്നത്. ട്രാൻസ്പ്ലാന്റേഷൻ ആശുപത്രികൾ, റോബോട്ടിക് സർജറികൾ, എല്ലാ ജില്ലകളിലും വീടുകളിൽ ഇരുന്ന് ഡയാലിസ് ചെയ്യാനുള്ള സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ആരോഗ്യ മേഖലയ്ക്ക് കരുത്താകുമെന്നും മന്ത്രി പറഞ്ഞു.
പത്താംകല്ല് കിഴക്ക് അലോപ്പതി സബ് സെന്ററിനു സമീപമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആയുർവേദ ഹോമിയോ ഡിസ്പെൻസറി. മുൻ എം.എൽ.എ ഗീത ഗോപിയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. മെഡിക്കൽ ഓഫീസർ റൂം, ആയുർവേദ ഡിസ്പെൻസറിക്ക് ആവശ്യമായ കിച്ചൻ, സ്റ്റോർ റൂം, ഫീഡിങ് റൂം ബാത്റൂം എന്നിവ ഉൾപ്പെടുന്നതാണ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ.
ചടങ്ങിൽ സി സി മുകുന്ദൻ എംഎൽഎ അധ്യക്ഷനായി. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത, തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ സുധ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ കെ ബാബു, എം എ മെഹബൂബ്, ബുഷറ അബ്ദുൾ നാസർ, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അനിത, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി കല, ലിന്റ സുഭാഷ് ചന്ദ്രൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ സിംഗ് വാലത്ത്, കെ കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ഡിഎംഒ മാരായ പി ആർ സലജ കുമാരി, ലീന റാണി, ഡി പിഎം മാരായ എം എസ് നൗഷാദ്, ടി വി റോഷ്, മെഡിക്കൽ ഓഫീസർമാരായ ലിറ്റി ടോം, വി സി കിരൺ മറ്റ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.