കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 1500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാലത്ത് ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയരായ അത്‌ലറ്റുകളെ സംഭാവന ചെയ്ത നാടാണ് കേരളം. ഇടയ്ക്ക് നാം അൽപം പിന്നോട്ട് പോയി. ആ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഏർപ്പെടുത്തിയ ജി.വി രാജ അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഞ്ചായത്ത് തോറും കളിക്കളം, കുട്ടികൾക്കും യുവതീയുവാക്കൾക്കും കളിക്കാനുള്ള സൗകര്യം, എല്ലാവർക്കും ആരോഗ്യ-കായിക ശാരീരികക്ഷമത ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്‌പോർട്‌സ് എന്ന ആശയം, കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സംവിധാനം, ശാരീരിക ക്ഷമതയിൽ എല്ലാവിധ ജനങ്ങളെയും പങ്കാളികളാക്കുന്ന കായികക്ഷമതാ മിഷൻ പദ്ധതി, തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ സ്‌പോർട്‌സ് കൗൺസിലുകളുടെ രൂപീകരണം എന്നിവയെല്ലാം കായിക മേഖലയുടെ വികസനത്തിനായുള്ള പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജി.വി രാജ അവാർഡ് സ്ത്രീകളുടെ വിഭാഗത്തിൽ ബാഡ്മിൻറൺ താരം അപർണ ബാലനും പുരുഷ വിഭാഗത്തിൽ ലോംഗ്ജമ്പ് താരം മുരളി ശ്രീശങ്കറിന് വേണ്ടി ശ്രീശങ്കറിന്റെ അമ്മയും ഏറ്റുവാങ്ങി. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് മുൻ ദേശീയ ഫുട്‌ബോൾ താരവും ഫുട്‌ബോൾ പരിശീലകനുമായ ടി.കെ ചാത്തുണ്ണിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച കായിക പരിശീലകനായി പി.എസ് വിനോദ്, മികച്ച കായിക കോളജ് ആയി പാല അൽഫോൻസ കോളജ്, മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്തു. പരിപാടിയിൽ കായിക മന്ത്രി വി അബ്ദുറഹ്‌മാൻ, ഗതാഗത മന്ത്രി ആന്റണി രാജു, സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് യു ഷറഫലി, സ്‌പോർട്‌സ് യുവജനകാര്യ വകുപ്പ് ഡയറക്ടർ പ്രേംകുമാർ എസ് എന്നിവർ പങ്കെടുത്തു.