സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളും കാഴ്ചപ്പാടുകളും മാറിയതായും ക്ലാസ്മുറികള്‍ സ്മാര്‍ട്ടാക്കിയും വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിച്ചും സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പൊതുവിദ്യാഭ്യാസം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പൊതുവിദ്യാഭ്യാസം നേടി ഉന്നത നിലവാരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ വലിയ രീതിയിലുള്ള ബഹുമാനം നേടിയെടുക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ജീവനക്കാരുടെ മക്കള്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായകമാവുമെന്നും അതെല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എസ്.എസ്.എല്‍.സി മുതല്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ള 50-ഓളം പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.

ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.ആര്‍. ജയപ്രകാശ് അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ ബി. സുഭാഷ്,  ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്. ഷാഹിത, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എ.പി. ശ്രീകുമാര്‍, ലോട്ടറി ഏജന്‍സി ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. ടി.കെ. നൗഷാദ്, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി. പ്രീത്,  കേരള ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് ജില്ലാ പ്രസിഡന്റ് എ. രാമദാസ്, ജില്ലാ ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്‌സ് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.അമര്‍നാഥ്, ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സി. ബാബു എന്നിവര്‍ പങ്കെടുത്തു.