തീരദേശ മേഖലയില്‍ വാസയോഗ്യമായ വീടുകള്‍ ഉറപ്പ് വരുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. വടകരയില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സി.ആര്‍.സെഡുമായി ബന്ധപ്പെട്ട് തീരദേശ മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ഹിയറിംഗ് ഉള്‍പ്പടെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പരിഷ്‌ക്കരിക്കുമെന്നും അര്‍ഹരായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുമെന്നും അനര്‍ഹരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെടുന്ന സാഹചര്യം വർധിച്ച് വരുന്നതിനാല്‍ അപകടരഹിതമായ മത്സ്യബന്ധനം ഉറപ്പാക്കാനായി നിയമം ശക്തമാക്കും. തൊഴിലാളികളെ ഇന്‍ഷുറന്‍സ് ഉള്‍പ്പടെ പരിരക്ഷകളില്‍ ഉള്‍പ്പെടുത്തും. തീരദേശ മേഖലയിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഗണ്യമായ പ്രാധാന്യമാണ് നല്‍കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ മക്കളെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനായി 300 തീരദേശ കേന്ദ്രങ്ങളിലായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കടലും കടലോരവും വൃത്തിയായി സൂക്ഷിക്കുവാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വടകര തീരസദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചര്‍ച്ച നടന്നു. കുരിയാടിയില്‍ ഹാര്‍ബര്‍ സ്ഥാപിക്കല്‍ സംബന്ധിച്ച പഠനം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള നോഡല്‍ ഏജന്‍സിയെ കൊണ്ട് വിശദമായ പഠനം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചോമ്പാല്‍ ഹാര്‍ബര്‍ നവീകരണവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഈ മാസം 30 ന് യോഗം ഇതുമായി ബന്ധപ്പെട്ടു ചേരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വടകര മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 527 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരുന്നതായും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജലദൗര്‍ലഭ്യതക്ക് പരിഹാരമാകുമെന്നും ജലവകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. അഴിത്തല ഫിഷിംഗ് സെന്റര്‍ നിര്‍മ്മിക്കാനായി വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മടപ്പള്ളി, മാടാക്കര സ്‌കൂളുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. കടല്‍ ഭിത്തി നിര്‍മ്മിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിഷയം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.

തീരദേശ മേഖലയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിഭകളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. വിവിധ ധനസഹായങ്ങളും ആനൂകൂല്യങ്ങളും വിതരണം ചെയ്യുകയും ചെയ്തു. വടകര തീരദേശ മേഖലയില്‍ നിന്നായി മൊത്തം 226 അപേക്ഷകളാണ് തീരസദസ്സിൽ ലഭിച്ചത്.

കെ.കെ രമ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ സന്നിഹിതനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, വടകര നഗരസഭ വൈസ് ചെയര്‍മാന്‍ പി സജീവ്കുമാര്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, വടകര ആര്‍ ഡി ഒ സി.ബിജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ആര്‍ അമ്പിളി നന്ദിയും പറഞ്ഞു.