മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി.ടി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മെയ് 22 ന് ജീവനക്കാരുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കും.

ജില്ലാ ഭരണകൂടം, ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ശുചീകരണ പ്രവൃത്തികളില്‍ സിവില്‍ സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും പങ്കാളികളാകും.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ഹരിത സ്ഥാപനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലിന്യമുക്ത കേരളം ഡ്രൈവ് സംഘടിപ്പിക്കുന്നത്.

നാല് ബാച്ചുകളയാണ് സിവിൽ സ്റ്റേഷനിൽ ശുചീകരണം നടത്തുക. 22ന് ശേഷം സർജന്റെ നേതൃത്വത്തിൽ ടീം ഉണ്ടാക്കി സിവിൽ സ്റ്റേഷൻ പരിസരം ശുചിത്വം നിലനിർത്താൻ നടപടി സ്വീകരിക്കും. സർക്കാർ ജീവനക്കാർക്കു പുറമെ എൻ.എസ്.എസ്, പി.ആർ.ടി.സി, വിവിധ മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവരും ശുചീകരണത്തിൽ പങ്കാളികളാവും.

യോഗത്തിൽ ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് കൺവീനർ മണലിൽ മോഹനൻ വിഷയാവതരണം നടത്തി. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി സോമസുന്ദരൻ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കില ഫെസിലിറ്റേറ്റർ പ്രമോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.