ജില്ലാ ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ചെയ്തു
ഓരോ സംസ്ഥാനത്തിന്റെയും തനത് വികസന പദ്ധതികൾ, അവിടുത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണം ഇവയെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം നാഗമ്പടം മൈതാനത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുകയിരുന്നു മുഖ്യമന്ത്രി.
കേരളത്തെ സംബന്ധിച്ചു പ്രാദേശിക അസമത്വങ്ങൾക്കും പരിഹാരം കാണുന്ന സമതുലിതമായ വികസനം ഉറപ്പുവരുത്തേണ്ടുണ്ട്. അതുകൊണ്ട് കൂടിയാലോചനകൾക്കും ആസൂത്രണത്തിനുമൊക്കെ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് സംസ്ഥാന ആസൂത്രണ ബോർഡ് തുടരുന്നതും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്നതും. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ ഇല്ലാതാക്കുകകയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറൽ തത്വം ഇതെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നുണ്ടാകുന്നത്. അതിനെതിരായുള്ള ചെറുത്തുനിൽപ്പായി വേണം ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം സൃഷ്ടിക്കാനുള്ള അടിസ്ഥാന ശില പാകാനാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത, മധ്യവരുമാന രാജ്യങ്ങളിലേതിനു തുല്യമാക്കാനുതകുന്ന പ്രവർത്തനങ്ങൾക്കു വേണ്ട അടിസ്ഥാനം നിർമിക്കുകയാണു ചെയ്യുന്നത്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിക്കാനുദ്ദേശിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുമ്പോൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അതിന്റെ കേന്ദ്രബിന്ദുവായി മാറേണ്ടത്.
അതിനു ദിശാബോധവും നേതൃത്വവും നൽകേണ്ടത് ജില്ലാ ആസൂത്രസമിതികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനു മുൻപ് ജില്ലാ ജയിലിനു സമീപമുള്ള ആസൂത്രണസമിതി മന്ദിരത്തിൽ എത്തി മുഖ്യമന്ത്രി നാടമുറിച്ച് മന്ദിരോദ്ഘാടനം നിർവഹിച്ചു.
സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി, ജോബ് മൈക്കിൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സംസ്ഥാന ആസൂത്രണ ബ്ലോർഡംഗം ജിജു പി. അലക്‌സ്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ മഞ്ജു സുജിത്ത്, ഹൈമി ബോബി, ടി.എൻ. ഗിരീഷ് കുമാർ, പി.ആർ. അനുപമ, ജെസി ഷാജൻ, രാജേഷ് വാളിപ്ലാക്കൽ, കൃഷ്ണകുമാരി രാജശേഖരൻ,
നഗരസഭാംഗം സിൻസി പാറയിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.