കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന് തറക്കല്ലിട്ടു
ആർദ്രം മിഷന്റെ ഭാഗമായി ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങളാണ് കോവിഡ് കാലത്ത് കേരളത്തിനു തുണയായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിൽ 268.60 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെയും മെഡിക്കൽ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനവും മെഡിക്കൽ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മളേക്കാൾ വികസിതമായ രാജ്യങ്ങൾ പോലും കോവിഡിനു മുന്നിൽ മുട്ടുകുത്തുന്നതാണ് കണ്ടത്. കോവിഡ് ഏറ്റവും മൂർധന്യഘട്ടത്തിലായിരുന്നപ്പോൾ പോലും നമ്മുടെ ആരോഗ്യമേഖലയിലെ സജ്ജീകരണങ്ങളെ മറികടന്നുപോകാനായില്ല. നാം കോവിഡ് വരുമെന്നു പ്രതീക്ഷയിൽ ഒരുക്കിയതല്ല അവ. വലിയ രീതിയിൽ തകർന്നടിഞ്ഞുപോയ ആരോഗ്യമേഖലയെ വലിയ രീതിയിൽ പുനരുജ്ജീവിപ്പിക്കാനും ശാക്തീകരിക്കാനുമാണ് 2016ൽ അധികാരത്തിൽ വന്ന സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായി കേരളത്തിന്റെ ആരോഗ്യരംഗത്തു വരുത്തിയ മാറ്റമാണ് കോവിഡിന്റെ മൂർധന്യദശയിൽ നാം കണ്ടത്. കോവിഡ് മൂർധന്യത്തിലായപ്പോൾ പോലും ആശുപത്രികളിൽ കിടക്കകൾ ഒഴിവുണ്ടായി, ഓക്‌സിജൻ കിടക്കകൾ ഒഴിവുണ്ടായി, ഐ.സി.യു. ബെഡുകൾ ഒഴിവുണ്ടായി -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആറുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോട്ടയം മെഡിക്കൽ കോളജ് മധ്യകേരളത്തിന്റെ ആരോഗ്യപരിപാലന രംഗത്തു വലിയ പങ്ക് നിർവഹിച്ചു. രാജ്യം തന്നെ ശ്രദ്ധിക്കുന്ന ഒന്നായി കോട്ടയം മെഡിക്കൽ കോളജ് മാറി. കോട്ടയം മെഡിക്കൽ കോളജിനെ ആധുനികവൽക്കരിക്കുന്നതിൽ നല്ല രീതിയിലുള്ള ഇടപെടലാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭാവിയെ മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ കോട്ടയം മെഡിക്കൽ കോളജിനുവേണ്ടി ഒരുക്കുന്നത്്. വജ്രജൂബിലി കേവലം ആഘോഷം മാത്രമായാൽ പോരാ, ഇതുവരെയുള്ള നേട്ടങ്ങളെ അവലോകനം ചെയ്യാനും വരുംകാലങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികളെ ആസൂത്രണം ചെയ്യാനും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ ആരോഗ്യ – വനിതാശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. വജ്രജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി വീണ ജോർജ് നിർവഹിച്ചു. സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഞ്ജു മനോജ്, സജി തടത്തിൽ, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, കെ.എം.എസ്.സി.എൽ ജനറൽ മാനേജർ ഡോ. ഷിബുലാൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ എന്നിവർ പ്രസംഗിച്ചു.
560 കോടി രൂപ മുടക്കിയുള്ള കോട്ടയം മെഡിക്കൽ കോളജ് മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നിർവഹിച്ച സൂപ്പർസ്‌പെഷാലിറ്റി ബ്‌ളോക്ക്. ഇതുകൂടാതെ ആറുകോടി രൂപ മുടക്കി നിർമിക്കുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെയും നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 17 കോടി രൂപ ചെലവിട്ടു നിർമിച്ച ജില്ലാ മരുന്നു സംഭരണവിതരണകേന്ദ്രം, മൂന്നു കോടി രൂപ ചെലവിട്ടു നിർമിച്ച മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ, 1.79 കോടി ചെലവിട്ടു നിർമിച്ച ഓഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ, 58.47 ലക്ഷം രൂപ മുടക്കിയ പാൻഡമിക് ഐ.സി.യു ഗൈനക്കോളജി, 3.16 ലക്ഷം ചെലവിട്ട ന്യൂറോ സർജറി അത്യാധുനിക ഉപകരണങ്ങൾ, 35 ലക്ഷം രൂപ മുടക്കിയ മെന്റൽ ഹെൽത്ത് റിവ്യു ബോർഡ് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.