ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ കർമ്മശേഷി പ്രയോജനപ്പെടുത്താനുള്ള  സാഹചര്യം ഒരുക്കുന്നതിനും നടപടികൾ സ്വീകരിക്കേണ്ടത് സർക്കാർ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കോഴിക്കോട് സി ആർ സി സ്പെഷ്യൽ എഡ്യൂക്കേഷൻ ലക്ചറർ ജയ്സൺ എം പീറ്റർ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളെപ്പറ്റി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ബോധവത്കരണ സംഘടിപ്പിച്ച ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടാനുബന്ധിച്ച് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സാമൂഹിക നീതി വകുപ്പും കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റും ചേർന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

വൈകല്യത്തിന്റെ പേരിലുള്ള വിവേചനപരമായ പെരുമാറ്റവും വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തലും ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശ നിയമമനുസരിച്ച് കുറ്റകരമാണ്. ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം 2016 ലെ മൂന്ന്, നാല്, അഞ്ച് സെക്ഷനുകൾ പ്രകാരം ഈ നിയമത്തിന്റെ കീഴിൽ വരുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ കർമ്മശേഷി പ്രയോജനപ്പെടുത്തുന്നതിനുള്ള സംയോജിത സാഹചര്യം ഒരുക്കി നൽകണം. അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളും കൈക്കൊള്ളണം.

ആറു വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് ഏറ്റവും  അടുത്തുള്ള വിദ്യാലയത്തിൽ നിന്നും സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉണ്ട്.
ഭിന്നശേഷി വ്യക്തികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ നപടി കൈക്കൊള്ളണം.

തൊഴിൽ മേഖലയിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഭിന്നശേഷിക്കാർക്ക് പരാതികൾ അറിയിക്കാൻ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും പരാതി പരിഹാര ഓഫീസറെ നിയോഗിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്താനും കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ഉപദേശക സമിതികളുണ്ട്. ഭിന്നശേഷി നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ആദ്യ ലംഘനത്തിന് 10,000 രൂപ വരെ പിഴ ചുമത്തപ്പെടും. തുടർന്നുള്ള നിയമ ലംഘനത്തിന് അമ്പതിനായിരം രൂപയിൽ കുറയാത്ത പിഴയും ചുമത്താവുന്നതാണ്-അദ്ദേഹം വിശദീകരിച്ചു.

കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻ ചാർജ് പി കെ നാസർ സ്വാഗതവും അഡിഷണൽ ജില്ലാ പ്രോബേഷൻ ഓഫീസർ ശ്രീനാഥ് കൂട്ടാമ്പിള്ളി നന്ദിയും പറഞ്ഞു. വിവിധ  വകുപ്പുകളിൽ നിന്നുള്ള നൂറോളം  ജീവനക്കാർ പങ്കെടുത്തു.