7396 രൂപയുടെ വാട്ടര്‍ അതോറിറ്റി കുടിശിക 1650 രൂപയായി വെട്ടികുറച്ചു നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. 2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പതിപ്പള്ളില്‍ കുര്യന്‍ ഭാര്യയും മൂന്ന്‌ മക്കളുമായി വാടക വീട്ടിലാണ് താമസം. വാടക വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍ കുടിശിക ആയി ഉണ്ടായിരുന്ന 1000 രൂപ കുര്യന്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അധിക ബില്ല് വരികയും കണക്ഷന്‍ വിഛേദിക്കപ്പെടുകയും ചെയ്തതോടെ കുര്യന്‍ പ്രതിസന്ധിയിലായി. ആരോഗ്യപരമായി ഏറെ അവശതകള്‍ അനുഭവിക്കുന്ന കുര്യന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അധികബില്ല്. ലീക്കേജ് മൂലമാണ് അധിക തുക ബില്ലായി വന്നത്. കുടിശിക തുക അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഇദ്ദേഹം അദാലത്തില്‍ പരാതി നല്‍കുകയായിരുന്നു.

യഥാര്‍ത്ഥ കണ്‍സ്യൂമര്‍, വീട്ടുടമ വിജി തോമസ് ആണെങ്കിലും താന്‍ താമസത്തിന് വന്നതിനു ശേഷമുണ്ടായ വര്‍ദ്ധനവ് എന്നതിനാലാണ് കുര്യന്‍ പരാതി നല്‍കിയത്. വിഷയത്തില്‍ വിശദമായി പരാതി കേട്ട മന്ത്രി റോഷി അഗസ്റ്റിന്‍ കുടിശിക 1650 രൂപയായി കുറച്ചു നല്‍കുകയും തവണകളായി ഇത് അടച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. 500 രൂപ അടയ്ക്കുന്നതോടെ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്യും. ഇതോടെ അദാലത്ത് നഗരിയില്‍ നിന്നും തെല്ലാശ്വാസത്തോടെയാണ് കുര്യന്‍ മടങ്ങിയത്.