പരാതി പറഞ്ഞ് മനസിലാക്കാന്‍ വാക്കുകളും, പ്രായാധിക്യവും അനുവദിക്കുന്നില്ല. എന്നാല്‍ പിന്നെ അറിയാവുന്ന പടം വര തന്നെ ആയുധമാക്കിയാണ് പീരുമേട് താലൂക്ക് തല അദാലത്തില്‍ തങ്കപ്പന്‍ ചേട്ടനെത്തിയത്. എലപ്പാറ ഏറുംപടം സ്വദേശി കുന്നുംപാവില്‍ കെ.കെ തങ്കപ്പന്‍(74) വരച്ച ചിത്രവുമായെത്തി പരാതി ബോധിപ്പിച്ച് പരിഹാരവുമായി മടങ്ങിയത്.

വീട്ടിലേക്കുള്ള വഴിയില്‍ വൈദ്യുതി തൂണുകള്‍ക്കും ലൈനിനും സമീപം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മരം മുറിച്ച് മാറ്റണമെന്ന ആവശ്യവുമായാണ് പരാതിക്കാരന്‍ എത്തിയത്. അദാലത്തിലെ തിരക്കിനിടയില്‍ എഴുതി തയ്യാറാക്കിയ പരാതി വായിച്ച് മനസിലാക്കി മന്ത്രിമാര്‍ക്ക് അനുകൂല നടപടി എടുക്കാന്‍ കഴിഞ്ഞില്ലങ്കിലോ എന്ന ആശങ്കയും കൂടാതെ പ്രായാധിക്യം കാരണം പരാതി പറഞ്ഞ് അറിയിക്കാനുമുള്ള ബുദ്ധിമുട്ടുമാണ് ചിത്രത്തിലൂടെ പരാതി ബോധിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എന്‍ വാസവന്‍ പരിഗണിച്ച പരാതിയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥരോട് അപകട ഭീഷണിയായ മരം മുറിച്ച് മാറ്റാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ അദാലത്തില്‍ മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും അപകട സാധ്യത പറഞ്ഞ് ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും തങ്കപ്പന്‍ പറയുന്നു. അതിനാല്‍ ചിത്രം വരച്ചും, ചെറുമകന്റെ സഹായത്തോടെ മൊബൈലില്‍ പകര്‍ത്തിയ അപകട ഭീഷണിയായ മരത്തിന്റെ ചിത്രങ്ങളുമായി എത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ചിത്രം വരയ്ക്കാനുള്ള ഇഷ്ടം കൂടിയാണ് വ്യത്യസ്തമായി പരാതി നല്‍കാന്‍ കാരണമെന്നും തങ്കപ്പന്‍ പറയുന്നു. അദാലത്തില്‍ അനുകൂലമായ നടപടി സ്വീകരച്ച മന്ത്രിക്കും കളക്ടര്‍ക്കും നന്ദി പറഞ്ഞാണ് കര്‍ഷകനായ തങ്കപ്പന്‍ മടങ്ങിയത്.

ചിത്രം: പീരുമേട് പരാതി പരിഹാര അദാലത്തില്‍ പരാതിയുടെ ചിത്രം സഹിതം മന്ത്രി വി എന്‍ വാസവന് മുന്നില്‍ അവതരിപ്പിക്കുന്നു.