ഭൂമിയുടെ അവകാശത്തിന് വേണ്ടിയുള്ള 15 കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് പീരുമേട് താലൂക്ക് അദാലത്തില്‍ വിരാമം. അദാലത്ത് വേദിയില്‍ നിന്ന് സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അത് സന്തോഷാനുഭവമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ കരുതലും കൈത്താങ്ങും എന്ന പേരില്‍ കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരാതിപരിഹാര അദാലത്തില്‍ പീരുമേട് താലൂക്കിലെ 15 പേര്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ ചേര്‍ന്നാണ് പട്ടയം വിതരണം ചെയ്തത്.

ഉപ്പുതറ വിലേജിലെ ചൊറിക്കാവില്‍ ഭാസ്‌കരന്‍, ഉണ്ണി സി എന്‍, മറിയാമ്മ റാഫേല്‍, സൂസന്‍ തോമസ്, വിജയപ്പന്‍ ഇളപ്പുങ്കല്‍, ജാസ്മിന്‍ തോമസ്, ഏലപ്പാറ സ്വദേശി സൈമണ്‍, പെരിയാര്‍ സ്വദേശികളായ ഗീത, എം കൃഷ്ണന്‍, ഹെന്‍സണ്‍ എം, പൊട്ടു കൈത്താനിയില്‍, ആനി, വാഗമണ്‍ സ്വദേശികളായ ജോസഫ്, അമല്‍രാജ്, ഇന്ദിര എന്നവര്‍ക്കാണ് പട്ടയം ലഭിച്ചത്.

2021 ഒക്ടോബറിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ട്ടപ്പെട്ട അഞ്ച് പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അവസാന ഗഡുവും ഇതോടൊപ്പം അദാലത്തില്‍ അനുവദിച്ചു നല്‍കി. പെരുവന്താനം സ്വദേശി രാജമ്മ കൃഷ്ണന്‍കുട്ടി, കൊക്കയാര്‍ സ്വദേശികളായ റാണി തങ്കച്ചന്‍, പീടികകുന്നേല്‍ സോമന്‍, സുനിതമോള്‍, ഷറഫുദ്ദീന്‍ പുതുപറമ്പില്‍ എന്നിവര്‍ക്ക് 1,49050 രൂപ വീതമാണ് അനുവദിച്ചത്.