*ആകെ ലഭിച്ച പരാതികള്‍ 409
പീരുമേട് താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 217 ഓളം പരാതികള്‍ക്ക്. കൂടാതെ 15 പേര്‍ക്ക് പട്ടയവും 2021 ലെ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട അഞ്ചുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7,45,250 രൂപ നഷ്ടപരിഹാരവും ലഭിച്ചു. താലൂക്കിലെ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ടറിയാന്‍ മന്ത്രിമാരെത്തിയപ്പോള്‍ അദാലത്ത് വേദിയിലേക്ക് ജനവും ഒഴുകിയെത്തി.
സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ ഇടുക്കി ജില്ലയിലെ മൂന്നാമത്തെ അദാലത്താണ് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച നടന്നത്. ഓണ്‍ലൈനായി ലഭിച്ചതും നേരിട്ട് ലഭിച്ചതും അടക്കം ആകെ 409 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 217 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവനും നേതൃത്വം നല്‍കിയ അദാലത്തില്‍ പരിഹാരമായി.
ലഭിച്ച പരാതികളില്‍ 130 എണ്ണം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 59 എണ്ണം നിരസിച്ചു. ശേഷിച്ചതും പുതുതായി ലഭിച്ചതുമടക്കം 192 പരാതികളിലും അതിവേഗം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്കു പുറമെ അദാലത്ത് വേദിയില്‍ നേരിട്ട് ലഭിച്ച 185 പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാരായ റോഷി അഗസ്റ്റിനും വി.എന്‍. വാസവനും അപേക്ഷകര്‍ക്ക് ഉറപ്പു നല്‍കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ.ബി, കൃഷി, മൃഗസംരക്ഷണം, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
ലഭിക്കാന്‍ വൈകിയ പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, അര്‍ഹതയുണ്ടായിട്ടും കിട്ടാന്‍ വൈകിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, ലൈഫ് ഭവനം, പട്ടികജാതി, പട്ടിക വര്‍ഗ ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.
രാവിലെ 10 മണിയോടെ അദാലത്ത് വേദിയായ കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ എത്തിയ രണ്ട് മന്ത്രിമാരും മുഴുവന്‍ അപേക്ഷകര്‍ക്കും പറയാനുള്ളത് കേട്ട് തീരുമാനമെടുത്തശേഷമാണ് മടങ്ങിയത്. വാഴൂര്‍ സോമന്‍ എംഎല്‍എയും അദാലത്ത് വേദിയില്‍ സന്നിഹിതനായിരുന്നു.
പരാതികളിന്മേലുള്ള തുടര്‍നടപടികള്‍ക്കായി റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സപ്ലൈസ്, സര്‍വേ, കെ.എസ്.ഇ ബി, വനം, വില്ലേജ് ഓഫീസുകള്‍, സാമൂഹിക നീതി, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളുടെയും കൗണ്ടറുകള്‍ രാവിലെ തന്നെ അദാലത്ത് വേദിയില്‍ തുറന്നിരുന്നു. പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. കുടിവെള്ളം, ലഘുഭക്ഷണം, വൈദ്യസഹായം എന്നിവക്കും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പീരുമേട് താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും മീഡിയാ സെന്ററും അദാലത്ത് വേദിയില്‍ ഒരുക്കിയിരുന്നു. രാവിലെ പത്തിന് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചു.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഷാജിമോന്‍, കെ എം ഉഷ, പ്രിയ മോഹനന്‍, ഡൊമിന സജി, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, എ.ഡി.എം. ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.പി ദീപ, മനോജ് കെ, ജോളി ജോസഫ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് മേല്‍നോട്ടം വഹിച്ചു.
ജില്ലയിലെ നാലാമത്തെ അദാലത്തായ ഉടുമ്പഞ്ചോല താലൂക്ക് അദാലത്ത് മെയ് 23ന് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ നടക്കും.