പീരുമേട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ നിന്നും വണ്ടിപ്പെരിയാര്‍ 21-ാം വാര്‍ഡ് കുഴിപതാലില്‍ കെ കെ ബാബു മടങ്ങിയത് സ്വന്തം പേരില്‍ കരം അടയ്ക്കാമെന്ന ആശ്വാസത്തില്‍. 2005 ലാണ് ബാബുവിന് പിതാവ് വില്‍പത്രം എഴുതി 2.5 സെന്റ് സ്ഥലം തീറെഴുതി നല്‍കിയത്. എന്നാല്‍ സ്വന്തം പേരില്‍ കരം അടയ്ക്കാന്‍ സാധിക്കാതിരുന്നത് ഏറെ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. അച്ഛന്റെ പേരിലായിരുന്ന സ്ഥലത്തിന് 43 വര്‍ഷത്തോളം കരം അടയ്ക്കാതെ കിടന്നതോടെ തണ്ടപ്പേര് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ബാബുവിന് അച്ഛന്‍ തനിക്ക് എഴുതി തന്ന സ്ഥലത്തിന് കരം അടയ്ക്കാനാവാതെ വര്‍ഷങ്ങളോളം വിവിധ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയായി. കരുതലും കൈത്താങ്ങും താലൂക് തല പരാതി പരിഹാര അദാലത്തില്‍ പരാതി സമര്‍പ്പിക്കുന്നത് അവസാന ശ്രമം എന്നോളമായിരുന്നു. എന്നാല്‍ അധികം താമസിയാതെ അധികൃതര്‍ ബന്ധപ്പെടുകയും ആവശ്യമായ ചില രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് ഹാജരാക്കിയതോടെ സ്ഥലം പോക്കുവരവ് ചെയ്ത് സ്വന്തം പേരില്‍ കരം അടയ്ക്കാനുള്ള അവസരം ബാബുവിന് ലഭിച്ചു. അദാലത്ത് നഗരിയില്‍ വച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ പോക്കുവരവ് ചെയ്ത് കരം അടച്ച രസീത് ബാബുവിന് കൈമാറി.
സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഭാഗമായി രേഖകള്‍ ഇ രേഖകളായി മാറിയതോടെ തണ്ടപ്പേര് കണ്ടെത്തുക എന്നത് എളുപ്പമുള്ള ജോലിയായി മാറി. രേഖകള്‍ കണ്ടെത്താനായതോടെ ബാബുവിന് ഭൂമിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാനുള്ള അവസരം ഒരുങ്ങി. സ്വന്തം പേരില്‍ ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2.5 സെന്റ് ഭൂമിയില്‍ സ്ഥിതിചെയ്യുന്ന വീടിന്റെ കരവും സ്വന്തം പേരില്‍ അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഇനി സ്വന്തം പേരില്‍ കരം അടയ്ക്കാന്‍ കഴിയുകയും ഭാവിയില്‍ മക്കള്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരില്ല എന്ന ആശ്വാസത്തിലുമാണ് ബാബു അദാലത്ത് നഗരി വിട്ടത്.