ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ‘കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ’ പരിപാടി സംഘടിപ്പിച്ചു. പൊയിൽക്കാവ് യു.പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കാവിൽ സ്ഥാപിക്കാനുള്ള ബോർഡിന്റെ അനാഛാദനവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്  നിർവ്വഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു.

ഉടമ്പടികളിൽ നിന്നും പ്രവർത്തനങ്ങളിലേക്ക് ജൈവവൈവിധ്യം പുനസ്ഥാപിക്കുക എന്ന സന്ദേശവുമായി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ ജൈവവൈവിധ്യ പരിപാലന സമിതിയും  സംയുക്തമായാണ് കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന പരിപാടി സംഘടിപ്പിച്ചത്.

ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ഗോവിന്ദൻ കാവിൽ തൈ നട്ടു. കാവ് സംരക്ഷണം ജനപങ്കാളിത്തത്തിലൂടെ എന്ന പദ്ധതി തയ്യാറാക്കി വിശദീകരിച്ച റിട്ടയർ അധ്യാപകൻ പി എ  ജയചന്ദ്രനെ  ചടങ്ങിൽ ആദരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതലക്കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർ സുധ കാവുങ്കൽപൊയിൽ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ റിസർച്ച് കോളർ മിഥുൻ, മാലിക് ദിനാർ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ അജിത് ബാബു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ മഞ്ജു കെ.പി സ്വാഗതവും ബി എം സി കൺവീനർ  ഇ നാരായണൻ നന്ദിയും പറഞ്ഞു