മുൻഗണനാ വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന ആവശ്യവുമായാണ് കടനാട് സ്വദേശി ബോസി മൈക്കിൾ പാലാ ടൗൺ ഹാളിൽ നടന്ന മീനച്ചിൽ താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തിൽ പരാതിയുമായി എത്തുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ബോസി മൈക്കിളും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. ബോസിയുടെ ഭാര്യ ടെനി മോൾക്ക് കാഴ്ചപരിമിതിയും ഉണ്ട്. ഇവരുടെ റേഷൻകാർഡ് എ.പി.എൽ വിഭാഗത്തിൽപ്പെട്ടതായതിനാൽ സൗജന്യചികിത്സ ആനുകൂല്യങ്ങളും റേഷൻ കടയിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.
ബോസി മൈക്കിളിന്റെ പരാതി അദാലത്തിൽ പരിഗണിച്ച സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുൻഗണനാ വിഭാഗത്തിലേക്ക് ഇവരുടെ റേഷൻ കാർഡ് മാറ്റുകയായിരുന്നു. അദാലത്തിൽ വെച്ച് തന്നെ ബോസി മൈക്കിളിനും കുടുംബത്തിനും മന്ത്രി മുൻഗണനാവിഭാഗത്തിനുള്ള റേഷൻ കാർഡ് കൈമാറി. പരാതി ഉടനടി തന്നെ പരിഹരിച്ച സർക്കാരിനും മന്ത്രിക്കും നന്ദി പറഞ്ഞാണ് മീനച്ചിലിൽനിന്ന് ബോസിയും കുടുംബവും മടങ്ങിയത്.