നടവയല്‍ സബ് ട്രഷറി ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലാണ് ട്രഷറികളെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നടവയലിലെ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബാങ്കിംഗ് സംവിധാനത്തോടുകൂടിയ ട്രഷറികളാണ് കേരളത്തിലേത്. നാഷണലൈസ്ഡ് ബാങ്കിനെക്കാളും സൗകര്യങ്ങളോട് കൂടിയാണ് ഓരോ ട്രഷറികളും പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ട്രഷറികളും നാടിന്റെ പുരോഗതിക്കനുസരിച്ച് നവീകരിച്ചു വരികയാണ്. സാധാരണക്കാരുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കെട്ടിടം യാഥാര്‍ത്ഥ്യമായതോടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും മാതൃകാപരമാകണമെന്നും മന്ത്രി പറഞ്ഞു.

2,00,98949 രൂപ ചെലവിലാണ് 436 ചതുശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിച്ചത്. 2018 ലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 10 ട്രഷറികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള ട്രഷറി അടിസ്ഥാന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണച്ചുമതല.

പനമരം ബ്ലോക്ക് പഞ്ചായത്ത്, പനമരം, മീനങ്ങാടി, പൂതാടി, കണിയാമ്പറ്റ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ട്രഷറിയുടെ പരിധിയില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സബ് ട്രഷറിയില്‍ എട്ട് ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.

ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ എ. സലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ് ട്രഷറി ഓഫീസിന് സ്ഥലം വിട്ട് നല്‍കിയ നടവയല്‍ ഫെറോന പള്ളി ഇടവകയെ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കമലാ രാമന്‍, പി.എം ആസ്യ, മേഴ്സി സാബു, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സിന്ധു ലിഷു, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ടി. ബിജു, നടവയല്‍ ഫെറോന പള്ളി വികാരി ഫാദര്‍ ഗര്‍വ്വാസിസ് മറ്റത്തെ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ട്രഷറി വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രാഷ്ട്രീയപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.