ചെന്ത്രാപ്പിന്നി ഈസ്റ്റിലെ മാടക്കായ് വീട്ടിലെ സുമന കണ്ണന് ഇനി ആശ്വാസിക്കാം. മകന്റെ പഠന സാഹചര്യങ്ങളെ ഓർത്ത് ഏറെ ആവലാതിപ്പെട്ടിരുന്ന സുമനയ്ക്ക് സർക്കാർ കരുതലായി. സുമനയും പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവും രണ്ട് കുട്ടികളും കൂടി 500 സ്ക്വയർ ഫീറ്റുള്ള ചെറിയ വീട്ടിലാണ് താമസം. ഒരു മുറി മാത്രമാണ് വീട്ടിലുള്ളത്. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ വൈഷ്ണവിന് വേണ്ടിയാണ് സുമന അദാലത്തിൽ പഠനമുറി ആവശ്യപ്പെട്ടത്. ശ്രീചിത്രയിൽ നിന്ന് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഇളയമകൻ വൈഭവ് ആറാം ക്ലാസിലാണ്. വീട്ടിൽ ഒരു മുറി മാത്രമുള്ളതിനാൽ പഠിക്കാനുള്ള സൗകര്യമില്ല.
പഞ്ചായത്തിലെ പഠനമുറി ഗുണഭോക്താക്കളുടെ ലിസ്റ്റിൽ സുമനയുടെ മക്കൾ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ കൊടുങ്ങല്ലൂർ താലൂക്ക് തല അദാലത്തിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതി പരിഗണിച്ച റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ഇത്തവണത്തെ ലിസ്റ്റിൽ സുമനയെ ഉൾപ്പെടുത്തണമെന്നും ലിസ്റ്റിൽ വരുന്ന സാഹചര്യത്തിൽ എസ് സി ജില്ലാ ഓഫീസർ പഠനമുറി നിർമ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.