ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍  ‘ജീവിതമാണ് ലഹരി’ എന്ന  പ്രഖ്യാപനവുമായാണ് ‘ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍   പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന വിപത്തായ  മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടു വരുക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യല്‍  എന്നതാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനെതിരെയുള്ള ബോധവത്കരണങ്ങളുടെ ഭാഗമായി ‘ലഹരിക്കെതിരെ ഒരമ്പ്’ എന്ന അമ്പെയ്ത്ത് പരിപാടിയാണ് വിമുക്തി സ്റ്റാളില്‍ എക്‌സൈസ് ജീവനക്കാര്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായി ലക്ഷ്യത്തില്‍ അമ്പെയ്ത് കൊള്ളിക്കുന്നവര്‍ക്ക് വകുപ്പിന്റെ വക പ്രോത്സാഹന സമ്മാനവുമുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായ കലാ-കായിക ലഹരികളില്‍, കായിക ലഹരിയെ ഉത്തേജിപ്പിച്ച്, ബാഹ്യ പ്രേരണകള്‍ക്ക് വശംവദരാകാതെ, ആരോഗ്യപരമായ രീതിയില്‍ ജീവിതം ആഘോഷമാക്കുക എന്ന സന്ദേശമാണ് ഈ അമ്പെയ്ത്ത് പരിപാടിയിലൂടെ എക്‌സൈസ് വകുപ്പ് ലക്ഷ്യമാക്കുന്നത്.

അതില്‍ വിജയിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനമാണ് നല്‍കുന്ന സമ്മാനങ്ങളെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ മദ്യപാനത്തിന് എതിരെയുള്ള ചുമര്‍ചിത്രങ്ങളും കട്ട് ഔട്ടും സ്റ്റാളിലുണ്ട്. ലഹരി ഉപയോഗം കൊണ്ട് ഓരോ അവയവങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ കാണികള്‍ക്ക് വിശദീകരിച്ചു നല്‍കുന്നുണ്ട്.  വളരെ വേഗം ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഈ സ്റ്റാളില്‍ ചിത്രങ്ങള്‍ കാണാനും അമ്പെയ്ത്തില്‍ പങ്കെടുക്കാനും തിരക്ക് ഏറെയാണ്.