വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച് സ്റ്റീഫന്‍ ദേവസി, ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും കൂടി ചേർന്നപ്പോൾ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഇളകി മറിഞ്ഞു.
  കീറ്റാറുമായി സ്റ്റീഫന്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ കാണികള്‍ മറ്റേതോ ലോകത്തായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറിയത്.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ വസീഗര പാടി വേദി കൈ അടക്കി. പാടാം നമുക്ക് പാടാം കൂടി പാടിയപ്പോൾ കളക്ടർ താരമായി. നാടൻ പാട്ടിനൊപ്പം  മന്ത്രി വീണാ ജോർജ് ഏറ്റ് പാടിയപ്പോൾ സദസ് ഇളകി മറിഞ്ഞു.

കീറ്റാറിനൊപ്പം ചെണ്ടയും വയലിനും അരങ്ങു കൊഴുപ്പിച്ചു.  ഓരോ പാട്ടുകൾക്കും ഒപ്പം സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. മണ്ണ് നുള്ളിയിടാൻ ഇടമില്ലാതെ ജില്ലാ സ്റ്റേഡിയം  നിറഞ്ഞു കവിഞ്ഞിരുന്നു.
സ്‌റ്റീഫൻ ദേവസിയുടെ കീറ്റാറിനൊപ്പം താളം പിടിച്ച് ശ്യാമപ്രസാദിന്റെ വരികൾ കൂടിയായപ്പോൾ കാണികൾ വിസ്മയ ലോകത്തായി.
ഒരു നിമിഷം പോലും കാണികളുടെ ശ്രദ്ധ മാറാതെ പിടിച്ചിരുത്തിയ സംഗീത സായഹ്നമായിരുന്നു പത്തനംതിട്ടക്ക് അനുഭവവേദ്യമായത്.  മാലേയവും ജിയ ചലേയും ഗാനങ്ങളുമായി രേഷ്മ സംഗീതത്തിന്റെ മായിക ലോകത്തേക്ക് കൊണ്ടുപോയി.