ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ മാപ്പത്തോണ്‍ നെന്‍മേനി ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു ക്യാമ്പയിന്‍ വിശദീകരിച്ചു.

നവകേരളം കര്‍മപദ്ധതിയിലൂടെ കേരളത്തിലെ പശ്ചിമഘട്ട ജില്ലകളിലെ തദ്ദേശസ്ഥാപന പരിധിയിലുള്ള മുഴുവന്‍ നീര്‍ച്ചാലുകളിലും മാപ്പിങ് നടത്തും. മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് നെന്‍മേനി പഞ്ചായത്തിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നവകേരളം റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത ഹരിദാസ്, നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ മൃദുല ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.