ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും സംയുക്തമായി ഉദ്ഘാടനം ചെയ്തു
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ഉറവിട മാലിന്യസംസ്‌കരണ ഉപാധികളുടെ ജില്ലാതല പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.
ജൈവ മാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന ബയോ കമ്പോസ്റ്റ്, ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, ബോക്കാഷി ബക്കറ്റ് തുടങ്ങി മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാന്‍ സഹായിക്കുന്ന മാതൃകകളാണ് പ്രദര്‍ശനത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന മേളയില്‍ നിന്ന് ഉപാധികള്‍ വാങ്ങിക്കുന്നതിനും സൗകര്യമുണ്ട്.
ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ.ആര്‍.ടി.സി), കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, നവകേരളം കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ അഞ്ചിന് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍ ഭവന സന്ദര്‍ശനം നടത്തി ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തയിരുന്നു. അതിന്റെ തുടര്‍ നടപടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.