ഹൃദ്രോഗികൾക്ക് മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി സൗജന്യം

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദ്രോഗികൾക്ക് മിനിമലി ഇൻവേസീവ് കാർഡിയാക് സൗജന്യ സർജറി (MICS) പദ്ധതി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

പരാമ്പരാഗത ഹൃദയ ശസ്ത്രക്രിയയെ അപേക്ഷിച്ച് സവിശേഷമായ നിരവധി ഗുണങ്ങൾ ഉൾക്കൊള്ളുന്നതാണ് നൂതന മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയിൽ സങ്കീർണമായ മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി ആരംഭിച്ചത്. ഇതിനകം ബൈപ്പാസും, വാൽവ് മാറ്റി വയ്ക്കലും ഉൾപ്പെടെ അഞ്ച് മിനിമലി ഇൻവേസീവ് കാർഡിയാക് സർജറികളാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇതിന് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. സ്വകാര്യ മേഖലയിൽ 10 മുതൽ 15 ലക്ഷം രൂപ ചെലവു വരുന്ന മിനിമലി ഇൻവേസീവ് കാർഡിയാക് സർജറിയാണ് സർക്കാരിന്റെ ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തി ചെയ്യുന്നത്.

മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി പതിവായി നടത്താനുള്ള സൗകര്യം എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ മൂന്ന്  മുതൽ ആറ്  ശതമാനം ആശുപത്രികളിൽ മാത്രമേ പതിവായി മിനിമലി ഇൻവേസീവ് കാർഡിയാക് സർജറി നടത്തുന്നുള്ളൂ. പൊതുമേഖല ആശുപത്രികളിൽ ഇത്തരം ഹൃദയ ശസ്ത്രക്രിയ ചെയ്യുന്നത് വളരെ വിരളമാണ്. പരമ്പരാഗത ഓപ്പൺ ഹാർട്ട് സർജറികളെ അപേക്ഷിച്ച് കുറഞ്ഞ വേദന, മെച്ചപ്പെട്ട ശ്വാസകോശ പ്രവർത്തനം, വേഗത്തിലുള്ള സുഖം പ്രാപിക്കൽ എന്നിവയാണ് മിനിമലി ഇൻസീവ് കാർഡിയാക് സർജറിയുടെ പ്രത്യേകത.

ബൈപ്പാസ് സർജറികൾ, വാൽവ് റിപ്പയർ, വാൽവ്  മാറ്റിവയ്ക്കൽ, ഹൃദയത്തിലെ സുഷിരങ്ങൾ തുടങ്ങി വിവിധ ഓപ്പറേഷനുകൾ മിനിമലി ഇൻസീവ് കാർഡിയാക് സർജറിയിലൂടെ നടത്താൻ സാധിക്കും. നെഞ്ചിൻകൂട് തുറക്കാതെയുള്ള ഇത്തരം ശസ്ത്രക്രിയകളിലൂടെ 2 മുതൽ 3 ആഴ്ചകൾക്കകം രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. പരമ്പരാഗത ഹൃദയ ശസ്ത്രക്രിയയിൽ (നെഞ്ചിൻകൂട് തുറന്നുള്ള സെറ്റർ നോട്ടമി) സുഖപ്രാപ്തിക്കുള്ള സമയം 12 ആഴ്ചയാണ്.

ആശുപത്രി സൂപ്രണ്ട് ഡോ ഷഹിർഷായുടെ ഏകോപനത്തിൽ പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ.ജോർജ് വാളൂരാൻ, ഡോ. അഹമ്മദ് അലി, കാർഡിയാക് അനസ്തറ്റിസ്റ്റ് ഡോ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം പ്രവർത്തിക്കുന്നത്.