സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കലാജാഥ ജില്ലയിൽ പര്യടനം നടത്തി. പുതിയ ബസ് സ്റ്റാൻഡിൽ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കലാജാഥ ഫ്‌ളാഗ് ഓഫ് ചെയ്‌തു. സംസ്ഥാനത്ത് വിവിധങ്ങളായ ജനകീയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണ്. തീര സദസ്സുകളും വന സൗഹൃദ സദസ്സും താലൂക്ക് തല അദാലത്തുകളും സംഘടിപ്പിച്ച് കൊണ്ട് മന്ത്രിമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കലാ കായിക രംഗത്ത് നിരവധി സംഭാവനകൾ സൃഷ്ടിച്ചിട്ടുള്ള കോഴിക്കോട് കലാജാഥ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ് എസ് എൽ സി ജയിച്ച മുഴുവൻ കുട്ടികൾക്കും തുടർന്ന് പഠിക്കാനുള്ള സംവീധാനം ഒരുക്കികൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളും പദ്ധതികളും ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശനം, കൊച്ചിൻ കലാഭവന്റെ കലാകാരന്മാർ അവതരിപ്പിച്ച പാട്ടുകൾ, ശബ്‌ദാനുകരണം എന്നിവ ഉൾപ്പെടുന്നതാണ് കലാജാഥ. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യങ്ങളുമുള്ള വാഹനത്തിലാണ് പരിപാടികൾ അരങ്ങേറിയത്. സർക്കാർ മൂന്നാം വർഷത്തിലേക്ക് എന്നതായിരുന്നു പരിപാടിയുടെ ആശയം.

കലാജാഥ പുതിയ ബസ് സ്റ്റാൻഡ്, പാളയം, റെയിൽവേ സ്റ്റേഷൻ, മാനാഞ്ചിറ, ബീച്ച്, മെഡിക്കൽ കോളേജ്, പന്തീരാങ്കാവ്, എലത്തൂർ അങ്ങാടി, കൊയിലാണ്ടി ബസ് സ്റ്റാൻഡ്, താമരശ്ശേരി ബസ് സ്റ്റാൻഡ്, എന്നിവടങ്ങളില്‍ പര്യടനം നടത്തി രാമനാട്ടുകരയിൽ സമാപിച്ചു. കലാകാരൻമാരായ രാജേഷ് കലാഭവൻ, രഞ്ജീവ് കുമാർ, രാഹുൽമോഹൻ, അജിത് കോഴിക്കോട്, നവീൻ പാലക്കാട് എന്നിവരാണ് സംഘത്തിലുള്ളത്.