ഒരൊറ്റവാചകത്തിൽ പറഞ്ഞൊതുക്കാവുന്നതല്ല ശാന്തകുമാരിയമ്മയുടെ വേദനകൾ. ശാരീരികമായ അവശതകൾ, താങ്ങാവേണ്ട മക്കളുടെ രോഗങ്ങൾ, നിലച്ചുപോയ വരുമാനമാർഗം, കയറിക്കിടക്കാൻ വീടുപോലുമില്ലാത്ത അവസ്ഥ. എവിടെ പറഞ്ഞുതുടങ്ങണമെന്നുപോലും അറിയാതെയാണ് ശാന്തകുമാരിയമ്മ കുന്നംകുളത്തെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. മന്ത്രിക്ക് മുന്നിൽ ദയനീയത പറഞ്ഞുതീരും മുൻപേ ചെയ്യാൻ കഴിയുന്ന നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൊടുത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ശാന്തകുമാരിയമ്മയ്ക്ക് താങ്ങായിനിന്നു.
വർഷങ്ങൾക്കു മുമ്പ് അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ ശാന്തകുമാരിക്ക് ശസ്ത്രക്രിയ നടത്താനുള്ള വരുമാനമില്ല. ദൈനംദിന ജീവിതം മുന്നോട്ടു പോകാൻ തന്നെ പാടുപെടുകയാണ്. സുഖമില്ലാത്ത മകളും മരുമകനും അടങ്ങുന്നതാണ് കുടുംബം. മരുമകനും മാസങ്ങളായി വയ്യാതെ കിടപ്പിലാണ്. ലോട്ടറി വിറ്റ് ജീവിച്ചിരുന്ന ഈ നിർധന കുടുംബത്തിന് സ്വന്തമായ കിടപ്പാടം പോലുമില്ല. ശാരീരിക അവശതകൾക്കിടയിലും സർക്കാർ ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ശാന്തകുമാരി അമ്മ അദാലത്തിൽ എത്തിയത്.
അടിയന്തര സാഹചര്യം വിലയിരുത്തി സാമൂഹ്യനീതി വകുപ്പ് വഴി പ്രത്യേക പരിഗണന നൽകി വികലാംഗ സർട്ടിഫിക്കറ്റിനും മറ്റാനുകൂല്യത്തിനും വഴിയൊരുക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ലൈഫ് മിഷൻ വഴി വീട് ഒരുക്കാനും അതിനുവേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുവാനും വകുപ്പുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീട്ടുസാമഗ്രികൾ പലതും മുൻ വീട്ടുടമ കൈക്കലാക്കിയെന്ന പരാതിയിൽ നടപടിയെടുക്കാൻ മന്ത്രി കളക്ടർക്ക് നിർദേശം നൽകി.
കണ്ണുനിറഞ്ഞ് മന്ത്രിയോട് നന്ദിപറഞ്ഞ് ശാന്തകുമാരിയമ്മ മടങ്ങുമ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.