സെറിബ്രൽ പാൾസി ബാധിതയായ പഴഞ്ഞി ചോഴികുന്നത്ത് സ്വദേശിനി അമൃതയ്ക്ക് ആശ്വാസമായി കുന്നംകുളം താലൂക്ക് അദാലത്ത്. കുടുംബ വരുമാനം കൂടുതലാണെന്ന് കാണിച്ച് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ നിലച്ചതറിയിക്കാനാണ് ഇരുപത്തിരണ്ടുകാരിയായ അമൃത അദാലത്തിലെത്തിയത്.
അമൃതയുടെ ആവശ്യവും പ്രയാസങ്ങളും നേരിട്ട് മനസ്സിലാക്കിയ മന്ത്രി കെ രാധാകൃഷ്ണൻ സർക്കാർ പ്രത്യേക കേസായി പരിഗണിക്കാമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ വരുമാനപരിധി വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് മുച്ചക്ര വാഹനം ലഭിക്കണമെന്ന അമൃതയുടെ ആവശ്യവും അദാലത്തിൽ പരിഗണിച്ചു. ഇലക്ട്രോണിക് മുച്ചക്ര വാഹനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്തീൻ എംഎൽഎയും ഉറപ്പ് നൽകി.
2022 സെപ്റ്റംബർ മാസം വരെ അമൃതയ്ക്ക് വികലാംഗ പെൻഷൻ കൃത്യമായി ലഭിച്ചിരുന്നു. പിന്നീട് അമ്മ ജയയ്ക്ക് അങ്കണവാടി പ്രവർത്തകയായി ജോലി ലഭിച്ചതിനെ തുടർന്ന് പെൻഷൻ നിലച്ചു. അമൃതയുടെ ചികിത്സക്കും മരുന്നിനും വീട്ടുചെലവിനും ആകെ ലഭിക്കുന്ന അമ്മയുടെ വരുമാനം തികയുന്നില്ലെന്നതാണ് അമൃതയുടെ അപേക്ഷയിലുള്ളത്. അച്ഛൻ അജിതൻ പെയിൻ്റിംഗ് തൊഴിലാളിയായിരുന്നു.
ശാരീരിക അവശത മൂലം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. അമ്മ ജോലിക്ക് പോകുന്ന സമയങ്ങളിൽ ശരീരം തളർന്ന അമൃതയ്ക്ക് കൂട്ട് അച്ഛനാണ്. അമൃത പത്താം ക്ലാസ് പഠനം പൂർത്തീകരിച്ചിട്ടുണ്ട്. സഹോദരി അഖിഷ്ണ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയാണ്.