കുറ്റ്യാടി എം എൽ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്മാർട്ട് കുറ്റ്യാടിയുടെ ഭാഗമായി “സ്പർശം 2023” അധ്യാപക സംഗമം പുറമേരി കെ ആർ എച്ച് എസ് സ്കൂളിൽ നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിലക്ഷമി അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ അമ്പതിൽ കുറവ് കുട്ടികളുള്ള സ്കൂളുകളിലെ അധ്യാപകരാണ് പരിപാടിയിൽ പങ്കെടുത്തത്. അധ്യയന വർഷം പൂർത്തിയാകുമ്പോൾ ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള അക്കാദമികവും ഭൗതികവുമായ പരിപാടികളെ കുറിച്ചും സംഗമം ചർച്ച ചെയ്തു.
ഹെഡ്മിസ്ട്രസ് കെ ഷൈനി, പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം വിജയൻ മാസ്റ്റർ, സ്മാർട്ട് അക്കാദമിക് സമിതി കൺവീനർ ടി.മോഹൻ ദാസ്, കെ.വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് ബോധന രീതിയെ കുറിച്ച് കെ.സതീഷും മാതൃഭാഷാ പഠനത്തെ കുറിച്ച് ജി രവിയും ക്ലാസുകൾ നയിച്ചു. ഒ.പി.ബാലകൃഷ്ണൻ, മോഹൻദാസ് മാസ്റ്റർ എന്നിവർ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. കെ.കെ. മനോജ് സ്വാഗതവും ഷാഹിന നന്ദിയും പറഞ്ഞു.