ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി
20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍
27 ഇനം പരാതികള്‍ പരിഗണിച്ചു
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക് പരിധിയിലെ പരാതി പരിഹാര അദാലത്ത് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്നു. ആദ്യ ദിനത്തില്‍ മുന്‍കൂട്ടി ലഭിച്ച 561 പരാതികളും പുതിയതായി ലഭിച്ച 89 പരാതികളും പരിഗണിച്ചു. പരിതാക്കാരെ നേരിട്ട് കേട്ട മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരിട്ട് പരിഹാരിക്കാവുന്ന പരാതികള്‍ അപ്പോള്‍ തന്നെ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മറ്റു പരാതികളില്‍ കാലതമാസമില്ലാതെ പരിഹാരം കാണുന്നതിനായിരുന്നു നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അടക്കമുള്ളവര്‍ പരാതി പരിഹാര അദാലത്തില്‍ മന്ത്രിക്കൊപ്പം പൊതുജനങ്ങളുടെ പരാതി കേള്‍ക്കാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്കായി പൊതുജനങ്ങളില്‍ നിന്നും മുന്‍കൂട്ടി പരാതികള്‍ സ്വീകരിച്ചിരുന്നു. താലൂക്ക് കേന്ദ്രങ്ങള്‍ വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങി ഓണ്‍ലൈന്‍ വഴിയുമാണ് പരാതികള്‍ സ്വീകരിച്ചത്. വൈത്തിരി താലൂക്കില്‍ 561 പരാതികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനയ്ക്കായി വന്നത്. ഇതില്‍ 319 പരാതികള്‍ തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 89 പാരതികളാണ് നേരിട്ടുള്ള പരിഗണനയ്ക്കായി വന്നത്. ഇതില്‍ തത്സമയം തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ ഇവിടെ നിന്നു തന്നെ പരിഹരിച്ചു.
റവന്യു വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പൊതുജനങ്ങളുടെ പരാതി പരിഹാരങ്ങള്‍ക്കായി 21 കൗണ്ടറുകളാണ് വേദിയില്‍ സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍ അസുഖ ബാധിതര്‍ എന്നിവര്‍ക്കെല്ലാമായി പ്രത്യേക കൗണ്ടറുകളും ഒരുക്കിയാണ് അദാലത്ത് നടന്നത്. മന്ത്രിയെ കൂടാതെ ജില്ലാ കളക്ടര്‍, എ.ഡി.എം, സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ വിവിധ കൗണ്ടറുകളില്‍ ലഭ്യമായ പരാതികളില്‍ പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും അതതു വകുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ തീരുമാനമെടുക്കാന്‍ സന്നിഹിതരായിരുന്നു. ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെന്‍ഷന്‍ കുടിശ്ശിക തുടങ്ങിയ 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മേയ് 29 ന് സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ഓഡിറ്റോറിയത്തിലും 30 ന് മാനന്തവാടി താലൂക്ക്തല അദാലത്ത് അമ്പുകുത്തി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളിലും നടക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷും അദാലത്തിന് നേതൃത്വം നല്‍കും.
റേഷന്‍കാര്‍ഡ്; ആശ്വാസമായി കുടുംബങ്ങള്‍
വാഴവറ്റയില്‍ നിന്നും അദാലത്തിലെത്തിയ അസുഖബാധിതയായ വീട്ടമ്മ നിര്‍മ്മലയ്ക്ക് ഒരു അപേക്ഷ മാത്രമാണുണ്ടായിരുന്നത്. മുമ്പുണ്ടായിരുന്ന ബി.പി.എല്‍ കാര്‍ഡ് ഏതൊക്കയോ കാരണത്താല്‍ എ.പി.എല്ലായി മാറിയിരുന്നു. അസുഖബാധിതയായ സാഹചര്യത്തില്‍ മുന്‍ഗണനാ കാര്‍ഡ് ലഭിച്ചാല്‍ അല്‍പ്പമെങ്കിലും ആശ്വാസമാകും. ഇക്കാര്യം മന്ത്രി എ.കെ. ശശീന്ദ്രനോട് നിര്‍മ്മല നേരിട്ട് പറഞ്ഞു. പരാതി അനുഭാവപൂര്‍വ്വം കേട്ട മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് രേഖകള്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
സിവില്‍ സപ്ലൈസ് അധികൃതര്‍ അദാലത്ത് വേദിയില്‍ നിന്നു തന്നെ മുന്‍ ഗണനാ കാര്‍ഡിന് അര്‍ഹതയുള്ള നിര്‍മ്മലയ്ക്ക് റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡ് വേദിയില്‍ നിന്നു തന്നെ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ആശ്വാസത്തിന്റെ നിമിഷം. കോട്ടനോട് സ്വദേശി സരോജിനി, പിണങ്ങോട് സ്വദേശി ഉഷാദേവി, മാങ്കുന്ന് സ്വദേശി ജസ്ല, പൊഴുതന സ്വദേശി ഗീത തുടങ്ങിയവരെല്ലാം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അദാലത്തിലെത്തിയത്.
ഇവര്‍ക്കെല്ലം ഉടനടി റേഷന്‍കാര്‍ഡ് അനുവദിച്ചതോടെ ഈ കുടുംബങ്ങളെല്ലാം കരുതലും കൈത്താങ്ങ് അദാലത്തിന്റെ ഗുണഭോക്താക്കളായി മാറി. 36 അപേക്ഷകളാണ് റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് അദാലത്തില്‍ ലഭിച്ചത്. ഇവയില്‍ സവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം നടത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും.
പരാതികള്‍ പലവിധം അതിവേഗം തീരുമാനം
വീടില്ലാത്തതിന്റെ അപേക്ഷകള്‍ മുതല്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ വരെയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകത്തതിന്റെയും അതിര്‍ത്തി പ്രശ്നങ്ങള്‍ വരെയുമുള്ള നാനാവിധ പരാതികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കരുതലും കൈത്താങ്ങും അദാലത്തില്‍ പൊതുജനങ്ങളെത്തിയത്. ദീര്‍ഘകാലമായി പലകാരണങ്ങളാല്‍ തീരുമാനമാകാതിരുന്ന പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ അദാലത്തില്‍ സംവിധാനമുണ്ടായിരുന്നു.
ലൈഫ് മിഷനില്‍ വീടിനായി അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല എന്നതായിരുന്നു നിരവധി പേരുടെ പരാതികള്‍. ഇത്തരം കേസുകളില്‍ അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരെ അദാലത്ത് ചുമതലപ്പെടുത്തി. അവഗണിക്കപ്പെട്ടുവെന്ന പരാതികളില്‍ അന്വേഷണം നടത്തി അര്‍ഹമായ പരിഗണന നല്‍കും. സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ മുടങ്ങുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കും.
ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് തഹസില്‍ദാര്‍ അടക്കമുള്ള അധികൃതരെ ചുമതലപ്പെടുത്തി. അതിര്‍ത്തി തര്‍ക്കങ്ങള്‍ സംബന്ധിച്ചുള്ള പരാതി, വഴിതര്‍ക്കം എന്നിവയില്‍ പരസ്പരധാരണയില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കും. പ്രകൃതി ക്ഷോഭത്തില്‍ നഷ്ടപരിഹാരം ലഭ്യമാകാത്ത പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് അന്വേഷണം നടത്തി പരിഹാരം കാണും.