സി ആർ സെഡ് ( തീരദേശ നിയന്ത്രണ മേഖല) വിഷയങ്ങൾക്ക് പ്രത്യേക യോഗം ജൂൺ 13 ന്
മത്സ്യ കർഷകർക്ക് ക്ഷേമനിധി അംശദായം അടക്കാൻ തൃശൂരിൽ പ്രവർത്തിക്കുന്ന ഉൾനാടൻ ക്ഷേമനിധി ഓഫീസിലേക്ക് ഇനി പോകേണ്ടതില്ലെന്നും അത് അടക്കാനുള്ള സൗകര്യം കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി പരിധിയിൽ ഒരുക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ .തീര സദസ്സിൻ്റെ ഭാഗമായി കൊടുങ്ങല്ലൂർ എം.ഐ.ടി ഹാളിൽ നടന്ന ജനപ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേമനിധി അംശദായം അടയ്ക്കാൻ മുനിസിപ്പൽ പരിധിയിൽ ആഴ്ചയിൽ രണ്ടു ദിവസം സൗകര്യമൊരുക്കും.
ഉൾനാടൻ മത്സ്യ കൃഷി വ്യാപിപ്പിക്കാൻ പറ്റിയ പ്രദേശമാണ് കൊടുങ്ങല്ലൂർ . ഇതിനായി പദ്ധതികൾ ആവിഷ്കരിക്കും. ഒരു നെല്ലും ഒരു മീനും പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
സി ആർ സെഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജൂൺ 13 ന് പ്രത്യേക യോഗം ചേരും. ജലാശയങ്ങളോട് ചേർന്നു കിടക്കുന്ന സി ആർ സെഡ് മേഖലയിൽ മത്സ്യ തൊഴിലാളികളുടെ ഭവന നിർമ്മാണം, ഭവന പുനർനിർമ്മാണം തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്യും.
മണ്ഡലത്തിലെ വിവിധ തോടുകൾക്ക് സംരക്ഷണ ഭിത്തി നിർമ്മിക്കുക, ജലാശയങ്ങളുടെ ആഴം വർദ്ധിപ്പിക്കുക, കുടിവെള്ള പദ്ധതി , ഒരു നെല്ല് ഒരു മീൻ പദ്ധതി , ബണ്ട് നിർമ്മാണം, കൂട് കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരസദസ്സിൽ ഉയർന്നു വന്നു.
ജനപ്രതിനിധി സമ്മേളനത്തിൽ ഉൾനാടൻ മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യ കർഷകരുടെ ആവശ്യങ്ങൾ, ഉൾനാടൻ മത്സ്യമേഖലയിൽ സർക്കാർ നടപ്പാക്കിയ പദ്ധതികൾ, അടുത്ത ഘട്ടത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ, മദ്ധ്യ മേഖല ഫിഷറീസ് ജോയന്റ് ഡയറക്ടർ എം. എസ് സാജു, അഡ്വ. വി ആർ സുനിൽ കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, തുടങ്ങിയവർ ജനപ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു.
തീരസദസിൽ 37 പരാതികൾ തീർപ്പാക്കി
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നടന്ന തീരസദസിൽ ഏപ്രിൽ 20 വരെ ഓൺലൈനിൽ ലഭിച്ച 41 പരാതികളിൽ 37 പരാതികൾ തീർപ്പാക്കി. റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റൽ, വായ്പ കുടിശ്ശിക എഴുതിത്തള്ളൽ , വിവിധ പെർമിറ്റുകൾ അനുവദിക്കൽ , ലൈഫ് ഭവന പദ്ധതി, പട്ടയം , പ്രളയ ധനസഹായം തുടങ്ങിയ വിഷയങ്ങളിലാണ് ഓൺലൈൻ പരാതികൾ ലഭിച്ചത്. അദാലത്തിൽ തീർപ്പാവാത്ത പരാതികളിൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കും.