കൊടുങ്ങല്ലൂരിലെ ഉൾനാടൻ മത്സ്യ മേഖലയ്ക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ . സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .

കൊടുങ്ങല്ലൂർ മാസ്റ്റർ പ്ലാൻ കൊടുങ്ങല്ലൂരിന്റെ സമഗ്ര വളർച്ചയ്ക്ക് കാരണമാകും. ഉൾനാടൻ മത്സ്യ കൃഷിക്കാർ ഏറ്റവും കൂടുതൽ ഉള്ള മണ്ഡലമാണ് കൊടുങ്ങല്ലൂർ . എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷി ആരംഭിക്കാനാണ് ലക്ഷ്യം. കൃഷിക്കാരെയും തൊഴിലാളികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മാസ്റ്റർ പ്ലാനാകും. ഇത് സംബന്ധിച്ച് പ്രത്യേക യോഗം എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീരമേഖലയിൽ വിദ്യാഭ്യാസത്തിലൂടെ മുന്നേറ്റം ഉണ്ടാകണം. അനധികൃത മത്സ്യബന്ധനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മത്സ്യബന്ധന മേഖലയിലെ ലഹരിയുടെ ഉപയോഗത്തിൽ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ പലതും അറിയാതെ പോകുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം തൊഴിൽ എന്നീ മേഖലകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കടലാക്രമണം മുതൽ മത്സ്യ തൊഴിലാളികളുടെ ജീവിത സുരക്ഷിതത്വം വരെ ഉറപ്പിക്കാൻ തീരദേശ മേഖലയിൽ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും തീര സദസിലൂടെ മത്സ്യത്തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും പ്രശ്നങ്ങൾ കേൾക്കുകയും ചർച്ച ചെയ്യുകയും പരിഹരിക്കുകയും തീരുമാനമെടുക്കുകയാണെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.

കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. വി. ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീര സദസ്സ് സംഘടിപ്പിക്കുന്നത്. തീര മേഖലയുടെ വികസനത്തിനായി തൊഴിലാളികളുടെ അറിവ് കൂടി പ്രയോജനപ്പെടുത്തുന്നതും അവയ്ക്ക് മുന്തിയ പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ചുവടുവെപ്പ് കൂടിയാണ് തീരസദസ്സ്.

ചടങ്ങിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും മുതിർന്ന 43 മത്സ്യത്തൊഴിലാളികളേയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 80 പേരേയും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിച്ചു. പ്ലസ്ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും 15 വർഷം പൂർത്തിയാക്കിയ ഏറ്റവും മികച്ച സാഫ് യൂണിറ്റായ ശ്രീമുരുക ടെയ്ലറിംഗ് ആന്റ് ഗാർമെന്റ്സ്, ആനാപ്പുഴയെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധന സഹായമായി 16 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം ആകെ 1,60,000 രൂപയും മരണപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളി കുടുംബത്തിന് 15,000 രൂപ വീതം 30,000 രൂപയും സാഫിന്റെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുള്ള സാമ്പത്തികസഹായമായി കാവേരി ഹോട്ടൽ യൂണിറ്റിന് 2,30,042 രൂപയുടെ ധനസഹായം ഉൾപ്പെടെ 4,20,042 രൂപയുടെ (നാല് ലക്ഷത്തി ഇരുപതിനായിരത്തി നാൽപ്പത്തി രണ്ട് രൂപ) ധനസഹായം ചടങ്ങിൽ വച്ച് നൽകി.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , സെൻട്രൽ സോൺ ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം എസ് സാജു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി അനിത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.