-എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു
-15,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കും
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കികൊണ്ട് എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു.  15 – 60നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 ലെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
കേരളത്തിൽ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരമൊരു ആരോഗ്യ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. സ്ത്രീകളിൽ കണ്ടുവരുന്ന അനീമിയ (വിളർച്ച ) കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ അവലംബിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

2022 – 2023 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ ജെൻഡർ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളിൽ വിളർച്ച ലക്ഷണങ്ങൾ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും വിളർച്ച മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് ദേശീയ ശരാശരിയുടെ 40.5 ആണ്. എച്ച് ബി 12 @ മറ്റത്തൂർ എന്ന് പേരിട്ട ഈ പരിപാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ , വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
വിവര ശേഖരണം, സ്ക്രീനിംഗ്, പ്രചരണം , സ്ക്വാഡ് പ്രവർത്തനം , പ്രതിരോധ പ്രവർത്തനം, ചികിത്സ, ഫോളോഅപ്പ് പ്രവർത്തനങ്ങൾ, മോണിറ്ററിംഗ് എന്നീ പ്രക്രിയകളിലൂടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. പഞ്ചായത്തിലെ 15,000 സ്ത്രീകളെ അവരുടെ വീടുകളിൽ എത്തി ഹീമോഗ്ലോബിനോ മീറ്റർ ഉപയോഗിച്ച് രക്ത പരിശോധന നടത്തി 3 കാറ്റഗറിയായി തിരിച്ച്, 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ വീതം രൂപീകരിച്ചാണ് വിളർച്ച രഹിതപ്രവർത്തനങ്ങൾ നടത്തുക.

പദ്ധതിയുടെ കർമ്മ പരിപാടി തയ്യാറാക്കുന്നതിന് ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജയന്തി വിഷയാവതരണം നടത്തി. ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ലേഖ എസ്. മെഡിക്കൽ ഓഫീസർ ഡോ. അല്ലി പ്ലാക്കൽ ,ജെന്റർ ആൻഡ് ഡവലപ്‌മെന്റ് കൺസൽട്ടന്റ് ടി.എം. ഷിഹാബ്, വൈസ് പ്രസിഡണ്ട് കെ.വി. ഉണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൻ നിജിൽ വി.എസ്. എന്നിവർ സംസാരിച്ചു.