കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലാ ഖാദി വ്യവസായ കാര്യാലയത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി മുചുകുന്നിൽ ആരംഭിച്ച കേന്ദ്രീകൃത ഖാദി പ്രീ പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.

ഉത്പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്തി ഖാദി ഉത്പന്നങ്ങളെ കൂടുതൽ ജനകീയമാക്കാൻ മുചുകുന്നിലെ ആധുനികവത്കരിച്ച പ്രീ പ്രോസസിംഗ് യൂണിറ്റുകളിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമ വ്യവസായ കേന്ദ്രങ്ങൾ ആരംഭിച്ച് കൂടുതൽ പേർക്ക് ജോലിയും വരുമാനവും ഉറപ്പു വരുത്താനുള്ള പ്രവർത്തനങ്ങളുമായി ഖാദി ഗ്രാമ വ്യവസായ ബോർഡ് മുന്നോട്ട് പോകുകയാണെന്നും പി.ജയരാജൻ കൂട്ടിചേർത്തു. ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്ഥാപിച്ച സെക്ഷണൽ വാർപ്പിങ് മെഷീനും, കോൺ വൈന്റിംഗ് മെഷീനുകളുമാണ് ഈ യൂണിറ്റിന്റെ പ്രത്യേകത. ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതം 10 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺ വൈന്റിംഗ് മെഷീനുകൾ സ്ഥാപിച്ചത്.

സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായ 8 ലക്ഷം രൂപ ഉപയോഗിച്ചാണ് വാർപ്പിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. പുതിയ വിപണിയിൽ തുണിയുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിരിക്കുന്ന ആധുനിക വാർപ്പിംഗ് മെഷീൻ ഖാദി മേഖലയിൽ ആദ്യത്തേതാണ്. നവീന രീതിയിലുള്ള ഈ മെഷീനിൽ നിന്നും 500 മീറ്റർ പാവുകൾ വരെ ചുറ്റിയെടുക്കാൻ സാധിക്കും.

ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. ഖാദി ബോർഡ് മെമ്പർ എസ് ശിവരാമൻ, വാർഡ് മെമ്പർ ലത.കെ.പി എന്നിവർ സംസാരിച്ചു. മെഷീൻ നിർമ്മിച്ച സുധീഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. ഖാദി ബോർഡ് മെമ്പർ സാജൻ തൊടുകയിൽ സ്വാഗതവും ജില്ല പ്രൊജക്ട് ഓഫീസർ കെ ഷിബി നന്ദിയും പറഞ്ഞു.