തിരുവല്ല താലൂക്കിലെ കവിയൂര്‍ പുഞ്ചയെ വീണ്ടെടുക്കുന്നതിനുള്ള ജനകീയ കൂട്ടായ്മ കവിയൂര്‍ എടയ്ക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടന്നു. മൂന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പുഞ്ചയില്‍ നാല് പാടശേഖര സമിതികളുടെ സഹകരണത്തോടെ കൃഷിയിറക്കുന്നതിനാണ് പദ്ധതി തയാറാക്കുന്നത്. കറ്റോട്, കിഴക്കന്‍ മുത്തൂര്‍, കവിയൂര്‍, ആഞ്ഞിലിത്താനം എന്നീ പാടശേഖരങ്ങളെയാണ് വീണ്ടെടുക്കുന്നത്. ഈ മാസവും ഒക്‌ടോബര്‍ ആദ്യവാരവും ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥരുടെ യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതിക്ക് അന്തിമരൂപം നല്‍കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.ലതാകുമാരി, കെ.ദിനേശ്, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റ്റി.എന്‍.ശാന്തമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ്‌കുമാര്‍, ബൈജുകുട്ടന്‍, അഖില്‍ മോഹന്‍, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍ അരുന്ധതി തുടങ്ങിയവര്‍ പങ്കെടുത്തു.
