കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച `സംരക്ഷ´ സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. വൈകുന്നേരം നാലിന് മന്ത്രിയുടെ ചേമ്പറിലാണ് ഉദ്ഘാടനം.

ഇലക്ട്രിക്കല്‍ വയര്‍മാന്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, വയര്‍മാന്‍ അപ്രന്റിസ്, സിനിമ ഓപ്പറേറ്റര്‍, സിനിമ ഓപ്പറേറ്റര്‍ അപ്രന്റിസ് തുടങ്ങിയ ലൈസന്‍സുകള്‍/പെര്‍മിറ്റുകള്‍, എന്നിവയ്ക്കുള്ള അപേക്ഷ സംരക്ഷ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നല്‍കാം.

പുതിയ ലൈസന്‍സ്/പെര്‍മിറ്റ് എന്നിവയ്ക്കുള്ള അപേക്ഷ, വയര്‍മാന്‍ അപ്രന്റിസിനും സിനിമ ഓപ്പറേറ്റര്‍ അപ്രന്റിസിനും ഉള്ള അപേക്ഷ, ലൈസന്‍സ്/പെര്‍മിറ്റ് എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷ, സ്‌കോപ്പ് റിവിഷനുള്ള അപേക്ഷ, കോണ്‍ട്രാക്ടറുടെ കീഴില്‍ സ്റ്റാഫ് എന്റോള്‍മെന്റിനുള്ള അപേക്ഷ, ഇതിനകം നല്‍കിയ ലൈസന്‍സ്/പെര്‍മിറ്റ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം, അവയുടെ കാലാവധി പരിശോധിക്കല്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഓഫ് എക്സാമിനേഴ്‌സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്സ് നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം, പരീക്ഷ/ പ്രാക്ടിക്കല്‍/ഇന്റര്‍വ്യൂ തുടങ്ങിയവയുടെ കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം, അപേക്ഷകളുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം എന്നിവയും സംരക്ഷണ സോഫ്‌റ്റ്വെയറിലൂടെ ലഭിക്കുന്നു.