കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന വിജയാരവം പരിപാടിയുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. പരീക്ഷകളിലെ ഉന്നത വിജയത്തോടൊപ്പം ജീവിതത്തിലും നന്മയുള്ളവരായി മാറുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യരായി നാം മാറുകയുള്ളൂ എന്ന് എം.പി പറഞ്ഞു. മണ്ഡലത്തിലെ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ക്ക് രമ്യ ഹരിദാസ് എം.പി ഉപഹാരങ്ങള്‍ കൈമാറി. ഉയർന്ന വിജയം നേടിയ ആയിരത്തോളം പേർക്ക് കെ.കെ.രമ.എം.എല്‍.എ ഉപഹാരങ്ങള്‍ നൽകി.

വൈബ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.ടി മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ കരിയര്‍ വിദഗ്ധന്‍ കെ. നിസാമുദ്ധീന്‍ ക്ലാസ് എടുത്തു. വടകര ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിൽ ഡി.ഇ.ഒ ഹെലന്‍ ഹൈസന്ത് മെന്‍ഡോണ്‍സ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ചന്ദ്രശേഖരന്‍, പി.ശ്രീജിത്ത്, ആയിഷ ഉമ്മര്‍, ഷക്കീല ഈങ്ങോളി, ആര്‍.ഡി.ഒ സി.ബിജു, ഡി.ഡി.ഇ സി.മനോജ് കുമാര്‍, വൈബ് ജനറല്‍ കണ്‍വീനര്‍ ശശികുമാര്‍ പുറമേരി, ശ്രീനാരായണ സ്‌കൂള്‍ മാനേജര്‍ പി.എം രവീന്ദ്രന്‍, സയന്‍സെന്റര്‍ എം.ഡി രജീഷ് തേറത്ത്, വൈബ് കോ ഓര്‍ഡിനേറ്റര്‍ എം.എന്‍ പ്രമോദ്, കെ.സജീവന്‍, സംസാരിച്ചു.