സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത് നാട് ഏറ്റെടുത്തതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വയനാട് ജില്ലയിലെ മൂന്നാമത് അദാലത്ത് മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികത്വത്തിന്റെ പേരില്‍ ദീര്‍ഘകാലമായി തീരുമാനമാകാതെ നിന്ന പരാതികള്‍ പോലും അദാലത്തില്‍ പരിഹരിച്ചു. സാധാരക്കാരായ നുറുകണക്കിനാളുകള്‍ അദാലത്തില്‍ നിന്നും കിട്ടിയ അനുകൂല പരിഹാരവുമായാണ് മടങ്ങിയത്. നിയമപരമായി പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ മാത്രമാണ് അദാലത്ത് പരിഗണിച്ചത്. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ മുഴുവന്‍ പരാതി പരിഹാരത്തിന് അദാലത്ത് വേദിയില്‍ സജ്ജമാക്കിയിരുന്നു.

റേഷന്‍ കാര്‍ഡ് തരം മാറ്റല്‍ പോലുള്ള നടപടികള്‍ അനവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി. സര്‍ക്കാര്‍ ഓഫീസുകളിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കണം. സേവനങ്ങള്‍ ജനങ്ങള്‍ക്ക് മുറയ്ക്ക് ലഭിക്കേണ്ട നടപടിക്രമങ്ങളാണ്. ഇതിനിടയില്‍ ഒരു കുടക്കീഴില്‍ പരാതികള്‍ പരിഹരിക്കുന്ന അദാലത്തുകളും നാടിന് ആശ്വാസമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്രളയ പുനരധിവാസത്തിനായി അദാലത്തില്‍ അപേക്ഷ നല്‍കിയ വരയാല്‍ കല്ലട അവ്വ ഉമ്മയ്ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും, തൃശ്ശിലേരിയില്‍ നിന്നുള്ള ത്രേസ്യാമ്മയ്ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.കെ. രത്‌നവല്ലി, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു