ജീവിതത്തിന് മീതെ 2018 ലെ പ്രളയം വന്നുമൂടിയകാലം. അഞ്ചു സെന്റ് സ്ഥലത്ത് ആകെയുണ്ടായിരുന്ന വീടും മണ്ണിടിഞ്ഞ് വീണ് വാസയോഗ്യമല്ലാതായി. അന്നുമുതല്‍ വരയാല്‍ കല്ലടയിലെ അവ്വ ഉമ്മയും മകനും മരുമകളും പേരക്കുട്ടികളുമടങ്ങുന്ന കൂടുംബം വാടക വീട്ടിലായിരുന്നു താമസം. പ്രളയ പുനരധിവാസത്തിനായി അപേക്ഷകളുമായി ഓഫീസുകളിലെല്ലാം കയറിയിറങ്ങി. സാങ്കേതികത്വത്തില്‍പ്പെട്ട് അവ്വ ഉമ്മയുടെ പുനരധിവാസവും നീണ്ടുപോയി, ഇതിനിടെയിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് വരുന്നതറിഞ്ഞത്.

വിവരങ്ങളെല്ലാം ചേര്‍ത്ത് അപേക്ഷ നല്‍കി. അദാലത്തില്‍ പരിഗണനയ്ക്ക് വന്ന അപേക്ഷകള്‍ അധികൃതര്‍ പരിശോധിച്ചു. മാനന്തവാടി താലൂക്ക് തല അദാലത്തില്‍ ഉദ്ഘാടന ചടങ്ങില്‍ ആദ്യം തന്നെ പരിഗണിക്കപ്പെട്ട അപേക്ഷയും അവ്വ ഉമ്മയുടെതായി. പുനരധിവാസ ധനസഹായമായി പത്ത് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് അവ്വ ഉമ്മയ്ക്കായി നല്‍കുമ്പോള്‍ ഈ കുടുംബത്തോടുള്ള സര്‍ക്കാരിന്റെ വലിയ കരുതലായി. അറുപത് വയസ്സ് പിന്നിട്ട അവ്വ ഉമ്മ ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ അസീസിനൊപ്പമാണ് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലെത്തിയത്. ഇത്രയും വിലിയ തുക ഇവര്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതല്ല.

വൈകിയാണെങ്കിലും പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ ഈ തുക ഉപകാരപ്പെടുത്തണം. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ നിന്നും മാറി ഇനി ഒരു സ്ഥലവും വീടും വേണം. പ്രളയക്കെടുതിയില്‍ നിന്നും പുനരധിവസിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അവ്വ ഉമ്മയും ഇനി പുതിയ ജീവിതകഥകള്‍ പറയും. നിറഞ്ഞ സന്തോഷത്തോടെയാണ് ഇവര്‍ മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.