വെള്ളമുണ്ട പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നായ കാരക്കാമലയിലെ നെല്‍പ്പാടത്തേക്ക് ഇനി സൗകര്യപ്രദമായ വഴിയൊരുങ്ങും.വഴിയില്ലാത്തതിനാല്‍  ട്രാക്ടര്‍ തുടങ്ങിയ യന്ത്രങ്ങളൊന്നും പാടത്തേക്ക് ഇറക്കാന്‍ നിവൃത്തിയില്ല എന്ന പരാതിയുമായാണ് കാരക്കാമല പാടശേഖര സമിതി പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. പരാതി ശ്രദ്ധയോടെ കേട്ട കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വഴിയൊരുക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു.

നിലവിലുള്ള മണ്ണ് റോഡ് വലിയ കയറ്റവും ഇറക്കവുമായതിനാല്‍ ഇതുവഴി വാഹനങ്ങള്‍ വയലിലേക്ക് ഇറക്കുന്നത് പ്രായോഗികമല്ല. പകരം റോഡ് കയറ്റം കുറച്ച് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് മന്ത്രി അധികൃതര്‍ക്ക് നല്‍കിയത്. 140 ഏക്കറോളം ആകെ വിസ്തൃതിയുള്ള പാടശേഖരത്തിന്റെ ഒരു കോണിലേക്ക് വാഹനങ്ങള്‍ ഇറക്കാന്‍ കഴിയില്ല എന്ന കാരണത്താല്‍ ഇനി ഇവിടെ കൃഷി മുടങ്ങില്ല. വ്യക്തിഗത പാരാതികള്‍ക്ക് പുറമെ നാടിന്റെ പൊതു ആവശ്യങ്ങള്‍ക്കും അദാലത്ത് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.