നാല് സെന്റ് സ്ഥലത്ത് ആകെയുള്ള താല്‍ക്കാലിക വീടിന് നമ്പറിലില്ലാത്തതിന്റെ ദുരിതത്തിലായിരുന്നു ശാന്തിനഗര്‍ കിഴ്യപ്പാട് നാരായണിയമ്മ. അദാലത്തിലെത്തിയ എഴുപത് പിന്നിട്ട നാരായണിയമ്മയ്ക്ക് ജീവിത സായാഹ്നത്തില്‍ ഈയൊരു അപേക്ഷയായിരുന്നു പരാതി പരിഹാരത്തിനായി മുന്നിലുണ്ടായിരുന്ന മന്ത്രി വി. അബ്ദുറഹ്‌മാനോട് പറയാനുണ്ടായിരുന്നത്. വൈദ്യുതിയും റേഷന്‍കാര്‍ഡുമുണ്ട്. വീട്ടുനമ്പര്‍ മാത്രമില്ല. നാരായണിയ്മ്മയുടെ പാരാതി കേട്ട മന്ത്രി അധികൃതരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരക്കി. തണ്ണീര്‍ത്തട നിയമ പരിധിയില്‍പ്പെട്ട ഭൂമിയിലാണ് ഷെഡ്ഡുള്ളതെന്നായിരുന്നു വിശദീകരണം. നാരായണിയമ്മയില്‍ നിന്നും അപേക്ഷ വാങ്ങി ഉടന്‍ വീട്ട് നമ്പര്‍ അനുവദിക്കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്ലാതെ ഇനി ഇവര്‍ക്ക് വീട്ടനമ്പര്‍ ലഭിക്കും. പ്രായത്തിന്റെ അവശകതകളുമായി കഴിയുന്ന നാരായണിയമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ നിന്നും ലഭിച്ച ഈ ഉറപ്പിലാണ് ഇനി പ്രതീക്ഷകള്‍.