ഓഫീസ് ഫൈൻഡർ ആപ്പ് പ്രകാശനം ചെയ്തു

കോട്ടയം സിവിൽ സ്‌റ്റേഷനിലെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ മാപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാക്കി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷൻ. ഓഫീസ് ഫൈൻഡർ മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സിവിൽ സ്റ്റേഷനിലെ മൂന്നു നിലകളിലെയും ഓഫീസ് മാപ്പ് സഹിതമാണ് ഈ ആപ്പിൽ ക്രമീകരിച്ചിരിക്കുന്നത്.

പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്‌തെടുക്കാവുന്ന ആപ്പിൽ ആദ്യം വരിക മുഴുവൻ ഓഫീസുകളുടെയും പട്ടികയാണ്. ഈ പട്ടികയ്ക്ക് മുകളിലെ സെർച്ച് ബാറിൽ നമുക്ക് പോകേണ്ട ഓഫീസ് സെർച്ച് ചെയ്യാം. അപ്പോൾ ഓഫീസിന്റെ പേരും ഓഫീസ് ഏത് നിലയിലാണെന്നും ഓഫീസിന്റെ റൂം നമ്പറും അറിയാനാകും. തുടർന്ന് ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ആ നിലയിലെ ഓഫീസുകളുടെ മാപ്പും അന്വേഷിക്കുന്ന ഓഫീസും കാണാനാകും. മാപ്പിന് സമീപത്തെ വേർ ആം ഐ ഓപ്ഷൻ കൂടി നോക്കിയാൽ നമ്മൾ ആ ഓഫീസുമായി എത്ര അകലത്തിൽ നിൽക്കുന്നു എന്നതും അറിയാം.

ഓഫീസ് മുറികൾ, ടോയ്‌ലറ്റുകൾ, കോണിപ്പടികൾ, ലിഫ്റ്റ്, വരാന്ത എന്നിവ എളുപ്പത്തിൽ മനസിലാക്കാനാകുംവിധം പ്രത്യേകം നിറങ്ങളിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിലെ മാപ്പിൽ എസ്.ബി.ഐ. ബാങ്ക്, എ.ടി.എം, കാന്റീൻ, എന്നിവയുമുൾപ്പെടുത്തിയിട്ടുണ്ട്.

പത്തു മടങ്ങ് വരെ മാപ്പ് സൂം ചെയ്ത് കാണാൻ സാധിക്കും വിധമാണ് ആപ്പ് നിർമിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു ഓഫീസിൽ ക്ലിക്ക് ചെയ്താൽ ഓഫീസിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ലഭിക്കും. ഭാവിയിൽ മറ്റ് ഓഫീസ് സമുച്ചയങ്ങളും ഈ ആപ്പിൽ ഉൾപ്പെടുത്താൻ സാധിക്കും. https://play.google.com/store/apps/details?id=in.nic.office_finder20 എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. പ്രകാശന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ  പി. കെ. ജയശ്രീ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, ഓയിൽപാം ഇന്ത്യ ലിമിറ്റഡ് മുൻ ചെയർമാൻ വി.ബി. ബിനു, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയി ജോസഫ് എന്നിവർ പങ്കെടുത്തു.